Monday 6 September 2010

മഴ


മഴ എനിക്ക് ഒരു മധുരമുള്ള ഓര്‍മ്മയാണ് . കുട്ടിക്കാലത്ത് സ്കൂള്‍ വിട്ടു വന്ന് ചെറിയച്ഛന്റെ വീട്ടിന്റെ ഉമ്മറത്ത് സ്കൂളില്‍ നിന്നു മടങ്ങി വരുന്ന അദ്യാപകരായ അച്ഛനേയും അമ്മയേയും കാത്ത് അനന്തതയിലേക്ക് നീണ്ടുകിടക്കുന്ന ഇടവഴികള്‍ നോക്കി നിന്ന് മടുക്കുമ്പോള്‍ ഒരു നനുത്തകാറ്റായി ഒരു സാന്ത്വനമായി പെയ്തിറങ്ങിയ തുലാവര്‍ഷമാവാം എന്റെ ഓര്‍മ്മയിലെ മഴ. ഓരോ മഴയത്തും ചെറിയച്ഛന്റെ വീടിനു പിറകിലുള്ള നാട്ടുമാവില്‍ നിന്നടര്‍ന്നുവീണ മാമ്പഴങ്ങളുടെ മധുരമുണ്ടായിരുന്നു എന്റെ ഓര്‍മ്മയിലെ മഴക്ക്.നീണ്ട കാത്തുനില്പിനിടയില്‍ അറിയാതെകണ്ണുകള്‍ നിറയുമ്പോള്‍ നീയും എന്നോടൊപ്പം കരഞ്ഞു.നിന്റെ കണ്ണുനീര്‍ പായല്‍ പിടിച്ച ഓടിന്റെ വക്കുകളിലൂടെ ധാരയായി ഒഴുകുന്നത് എത്രയെത്ര ദിവസങ്ങളില്‍ ഞാന്‍ നോക്കിനിന്നു. പിന്നീട് അമ്മയുടെ കുടക്കീഴില്‍ സാരിത്തുമ്പ് പിടിച്ച് ഞാന്‍ നടന്നുപോയപ്പോഴും നീ കരയുകയായിരുന്നു.കുടത്തുമ്പിലൂടെ ഊര്‍ന്നുവീണ നിന്റെ കണ്ണുനീര്‍ത്തുള്ളികള്‍ എന്റെ കുഞ്ഞുടുപ്പിന്റെ കയ്കള്‍ നനച്ചത് വ്യക്തമായി ഇന്നും ഞാന്‍ ഓര്‍ക്കുന്നു. എന്തിനായിരിക്കാം നീ അന്ന് കരഞ്ഞത്. എന്റെ ദുഖങ്ങള്‍ നീ ഏറ്റെടുക്കുകയായിരുന്നോ..

ഇന്ന് ഞാന്‍ അവര്‍ക്കായി കാത്തു നില്‍ക്കാറില്ല. തിരക്കുപിടിച്ച ജോലികള്‍ വിട്ട് ഒരു അവധിക്കാലത്തിനായി മകന്‍ എത്തുന്നതും കാത്ത് ഇന്ന് അവര്‍ ഉമ്മറത്ത് കാത്ത് നില്‍ക്കാറുണ്ടായിരിക്കാം. കാത്തിരിരുന്ന് മടുക്കുമ്പോള്‍ ആ കണ്ണുകള്‍ നനയുന്നുണ്ടാവാം. ഒരു സാന്ത്വനമായി ആ മഴ ഇപ്പോഴും പെയ്യുകയായിരിക്കാം...

Saturday 4 September 2010

തല്ലി--പൊളി ---റ്റിക്സ്--(കാര്‍ട്ടൂണ്‍)


Click on the image for a bigger view

Sunday 29 August 2010

അപൂര്‍ണ്ണമായ ഒരു കാവ്യം.

എന്തിനീ കവിത ഞാനെഴുതി-

എന്റെ ഹൃദയമാം പുസ്തകത്താളില്‍.

വരികള്‍ അപൂര്‍ണ്ണമായെഴുതിനിര്‍ത്തി-

പഴയ ഓര്‍മ്മകള്‍ തിരയുന്ന നേരം,

ആരോ അടര്‍ത്തിയാ കടലാസുതാളിനെ-

ഒരു കളിവഞ്ചിയായി ഒഴുക്കിവിട്ടു.

കണ്ണുകള്‍ നിറഞ്ഞൊഴുകുന്നു മഴയതില്‍-

കടലാസ്സു വഞ്ചിയും നനഞ്ഞുകുതിരുന്നു.

ഇവിടെ മരിക്കുകയാകാം ഒരു കാവ്യം-

അത് പിറവിയെടുക്കുന്നതിന്നു മുന്‍പെ.

എന്നോ എന്തിനോ സ്നേഹിച്ചുപോയി ഞാന്‍-

അപൂര്‍ണ്ണമായ് കുറിച്ചിട്ട ആ വരികളെ.

കാവ്യം കടലാസ്സില്‍ നിന്നടര്‍ന്നുമാറി വര്‍ണ്ണ-

രേഖയായ് പടിഞ്ഞാട്ട് ഒഴുകിനീങ്ങേ,

അറിയാതെ നിറഞ്ഞൊഴുകുന്നെന്‍ കണ്ണുകള്‍-

അത് വ്യര്‍ത്ഥമെന്നറിയാമതെങ്കിലും.

പരിഭവമില്ല പരാതിയില്ല പിന്നെ-

ആരിത് ചെയ്തെന്ന ചോദ്യമില്ല,

സര്‍വ്വേശ്വരാനീ പൊറുത്തീടുകീ തെറ്റ്-

ആരാകിലും അവനുമെന്‍ സോദരന്‍.

Sunday 8 August 2010

അലീന പറഞ്ഞത് ! ആന്ജല പറയാതിരുന്നത്...തീവണ്ടിയുടെ ജനാലക്കരികില്‍ തല ചായ്ച്ച് വിദൂരതയിലേക്ക് നോക്കി അവര്‍ ഇരിക്കുകയാണ്.അതില്‍ ഒരാള്‍ പോള്‍ ട്രോട്ടര്‍ ആയിരുന്നു.അയാളുടെ കൂടെ ഉണ്ടായിരുന്നത് ഒരു പെണ്‍കുട്ടിയാണെന്ന് വ്യക്തമായിരുന്നു എങ്കിലും പുറത്തേക്ക് നോക്കിയിരുന്ന അവളുടെ മുഖം കാറ്റില്‍ പറക്കുന്ന ചെമ്പന്‍ മുടികള്‍ മറക്കുകയായിരുന്നു. ഒരു പക്ഷേ അത് അലീനയാകാം അല്ലെങ്കില്‍ ആന്ജലയും അതുമല്ലെങ്കില്‍ ഇവര്‍ രണ്ടുപേരുമല്ലാതെ മൂന്നാമതൊരാള്‍ .

ഇപ്പോള്‍ നിങ്ങള്‍ കരുതുന്നുണ്ടാവും ആരാണ് ഈ മൂന്നുപേരെന്ന് അല്ലേ? അതറിയാന്‍ നമുക്ക് ഈ തീവണ്ടി യാത്ര തുടങ്ങിയിടത്തേക്ക് ഒന്ന് തിരിച്ചു പോകാം.

അലീനയും ആന്ജലയും രണ്ട് വത്യസ്ത ധ്രുവങ്ങളില്‍ ജീവിക്കുന്ന് രണ്ട് പെണ്‍കുട്ടികളാണ്. കോടീശ്വരനായ ഗ്രഹാം കാര്‍ലിന്റെ മകളായിരുന്നു അലീന. സുന്ദരിയും ഉന്നത വിദ്യാഭ്യാസ ധാരിയുമായ അവള്‍ അച്ച്ഛനൊപ്പം ബിസിനസ് കാര്യങ്ങള്‍ നോക്കി നടത്തുന്നു.തനിക്ക് ശരിയെന്ന് തോന്നുന്നത് ആരോടും വെട്ടിത്തുറന്ന് പറയുന്ന പ്രകൃതം. നിങ്ങള്‍ അവളോട് സംസാരിക്കുകയാണെങ്കില്‍ തീര്‍ച്ചയായും സമ്മതിക്കും ‘She is Smart'. പക്ഷേ കര്‍ഷകനായ പീറ്ററിന്റെ മകള്‍ ആന്ജല ഒരു ചിത്രകാരിയാണ്. വീട്ടിലെ ചുറ്റുപാടുകള്‍ മൂലം സ്കൂള്‍ വിദ്യാഭ്യാസം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്ന ആന്ജല കാഴചയില്‍ അലീനയോളം തന്നെ സുന്ദരിയായിരുന്നു. എപ്പോഴും ചിത്രങ്ങളില്‍ മുഴുകിയിരിക്കുന്നതുകൊണ്ടാണോ എന്തോ ആന്ജല പൊതുവില്‍ മിതഭാഷിയായിരുന്നു.ആരോടും എതിര്‍ത്തൊന്നും പറയാത്ത എന്താണ് ചിന്തിക്കുന്നതെന്ന് വ്യക്തമാകാത്ത പ്രകൃതം . അവള്‍ വരക്കുന്ന ചിത്രങ്ങളും അതുപോലെ തന്നെയാണ്. ചിലതരം പ്രത്യേക ചായകൂട്ടുകള്‍ ചേര്‍ത്ത് അവ്യക്തമായ ചില രൂപങ്ങള്‍. അവളുടെ മനസ്സുപോലെതന്നെ വായിച്ചെടുക്കാന്‍ പറ്റാത്തവയായിരുന്നു അവള്‍ വരച്ചിരുന്ന ചിത്രങ്ങളും.

കോളേജ് Lecturer ആയ പോള്‍ ട്രോട്ടര്‍ അവിടെ എത്തുന്നത് ഒരു റിസര്‍ച്ചിന്റെ ഭാഗമായിട്ടാണ്. Entrepreneurs നായുള്ള ഒരു വര്‍ക്ക് ഷോപ്പില്‍ സ്പീക്കറായി എത്തിയപ്പോഴാണ് പോളിനെ അലീന പരിചയപ്പെടുന്നത്. ബിസ്സിനസ് മാനേജ്മെന്റില്‍ പോളിന്റെ ആഴത്തിലുള്ള അറിവും സംഭാഷണരീതിയുമാകാം അലീനക്കെന്തോ പോളിനെ ഒരുപാട് ഇഷ്ടമായി.

പോള്‍ ആന്ജലയെ കണ്ടുമുട്ടിയത് ഒരു ചിത്ര പ്രദര്‍ശന സ്റ്റാളില്‍ വെച്ചായിരുന്നു.അധികമാരും ശ്രദ്ധിക്കാത്ത ഒരുകൂട്ടം ചിത്രങ്ങള്‍ക്ക് നടുവില്‍ നിശബ്ദയായിരുന്ന ആന്ജലയെ കണ്ടപ്പോള്‍ പോള്‍ അവിടേക്ക് നടന്നുവന്നു. അല്പസമയം ആചിത്രങ്ങളില്‍ നിന്ന് കണ്ണെടുക്കാതെ നോക്കിനിന്ന പോള്‍ പിന്നെ മുഖം തിരിച്ച് ആന്ജലയെ ശ്രദ്ധിച്ചു.പോളിനെ മുഖമുയര്‍ത്തി ഒന്ന് നോക്കിയെങ്കില്‍ കൂടി അവളുടെ ഭാവത്തിന് ഒരു മാറ്റവും സംഭവിച്ചില്ല. അല്പസമയം കൂടി ആചിത്രങ്ങളെയും ചിത്രകാരിയെയും നോക്കിനിന്ന പോള്‍ അവളോട് പലതും ചോദിച്ചു എങ്കിലും എല്ലാ ഉത്തരങ്ങളും അതെ , അല്ല എന്നീ രണ്ട് വാക്കുകളില്‍ ഒതുക്കാന്‍ അവള്‍ പരമാവധി ശ്രമിക്കുന്നുണ്ടായിരുന്നു. വീണ്ടും പലപ്പോഴും പോള്‍ ആ സ്റ്റാള്‍ സന്ദര്‍ശിച്ചു എങ്കിലും പിന്നീട് വരുമ്പോള്‍ ആന്ജല അയാളോട് പരിചയഭാവം കാണിച്ചില്ല. പക്ഷേ ഒന്നുമാത്രം അയാള്‍ ശ്രദ്ധിച്ചു ഓരോ ദിവസവും അയാള്‍ വരുമ്പോള്‍ ഓരോ പുതിയ ചിത്രങ്ങള്‍ അവിടെ അയാളെ കാത്തിരിക്കുന്നുണ്ടായിരുന്നു. മറ്റുചിത്രങ്ങളില്‍ നിന്ന് എന്തോ വ്യത്യസ്തത തോന്നിക്കുന്ന കുറേ ചിത്രങ്ങള്‍.

അലീന പിന്നെയും പലപ്പോഴും പോളിനെ കാണുവാന്‍ വന്നിരുന്നു. ടാക്സ് ലോസും മാര്‍ക്കറ്റിംഗ് സ്ട്രാറ്റജീസും കത്തിക്കയറിയ അവരുടെ സംഭാഷണങ്ങള്‍ക്കിടയില്‍ എന്നോ അവള്‍ പോളിനോടുള്ള ഇഷ്ടം അയാളെ അറിയിച്ചു.

ഇന്ന് റിസര്‍ച്ച് കഴിഞ്ഞ് പോള്‍ നാട്ടിലേക്ക് തിരിച്ച് പോകുകയാണ് , ഒപ്പം മാഞ്ചസ്റ്റര്‍ നല്‍കിയ ഒരു സമ്മാനവും കൂടെ കൊണ്ടുപോകുന്നു. ഇനി നിങ്ങള്‍ പറയൂ ആരാണാപെണ്‍കുട്ടി ? തീവണ്ടിയില്‍ പോളിനൊപ്പം ഉള്ള ചെമ്പന്‍ മുടികള്‍ മറച്ച ആ മുഖം!

അതാ തീവണ്ടി അതിന്റെ Destinationല്‍ എത്തിക്കഴിഞ്ഞിരിക്കുന്നു. സ്റ്റേഷനിലെ നിയോണ്‍ വിളക്കുകളുടെ പ്രഭയില്‍ പോളിന്റെ ഒപ്പം ഉണ്ടായിരുന്ന പെണ്‍കുട്ടിയുടെ മുഖം ഇപ്പോള്‍ വ്യതമായിക്കാണാം . ഇപ്പോള്‍ അവളുടെ ചെമ്പന്‍ മുടിയിഴകള്‍ ആ മുഖം മറക്കുന്നില്ല. അത് മറ്റാരുമായിരുന്നില്ല ആന്ജല ആയിരുന്നു.


ഇഷ്ടം തുറന്നു പറഞ്ഞ പെണ്‍കുട്ടിയെ വിട്ട് , ഒരിക്കല്‍ പോലും തന്റെ ഇഷ്ടം അയാളോട് പറയാതിരുന്ന ഒരുവളെ കൂട്ടി തിരിച്ചെത്തിയ നായകന്‍.ഇത് യുക്തിക്ക് നിരക്കാത്തതാണെന്ന് നിങ്ങള്‍ പറയുമായിരിക്കാം . ക്ഷമിക്കണം പക്ഷേ അത് എന്റെ തെറ്റല്ല , ഞാന്‍ പറഞ്ഞിരുന്നു എന്നും പോള്‍ സ്ന്ദര്‍ശിക്കുമ്പോള്‍ അയാളെ കാത്തിരുന്ന വ്യത്യസ്തമായ ചിത്രങ്ങളെ കുറിച്ച് . മറ്റുള്ളവരെ പോലെ നിങ്ങള്‍ക്കും അത് മനസ്സിലാക്കുവാന്‍ കഴിഞ്ഞില്ല. പക്ഷേ ആരും മനസ്സിലാക്കാത്ത ആ ചിത്രങ്ങളിലൂടെ പോള്‍ വായിച്ചെടുക്കുകയായിരുന്നു ആന്ജലയുടെ മനസ്സും അവനോടുള്ള ഇഷ്ടവും. പിന്നീട് എപ്പൊഴോ പോളിനോടുള്ള ഇഷ്ടം അലീന തുറന്ന് പറഞ്ഞപ്പോള്‍ പോള്‍ അവളെ പറഞ്ഞ് മനസ്സിലാക്കിയിരിക്കാം “ ആന്ജല പറയാതിരുന്നത് “ എന്തോ അത്!

Friday 30 July 2010

മഴ പെയ്യാത്ത നാട്..
മഴ പെയ്യാത്ത നാടുകള്‍ തേടി ഞാന്‍ ഒരുപാട് അലഞ്ഞു-
ദുഖങ്ങളില്ലാത്ത മുഖങ്ങള്‍ തേടി ,ഒരിക്കലും നനയാത്ത കണ്ണുകള്‍ തേടി-
കാടുകള്‍ താണ്ടി ,പുഴകള്‍ താണ്ടി ഒരു പാ‍ട് ഒരു പാട്.
ഒടുവില്‍ ഞാന്‍ കണ്ടെത്തി ആ നാട്-
അതിനെ ആരോ മരുഭൂമി എന്നു വിളിച്ചു.
അന്ന് ഞാന്‍ ഒന്നുകൂടി മനസ്സിലാക്കി- മരിച്ചവര്‍ കരയാറില്ല.


Saturday 12 June 2010

ഏകാന്തത (Solitude)ഓയില്‍ പെയിന്റില്‍ പകര്‍ത്തിയിട്ട ഏകാന്തതയുടെ ഒരു മുഖം.(Click on the image for a bigger view)


Wednesday 9 June 2010

കളിപ്പാട്ടങ്ങള്‍

പണ്ട് എനിക്ക് ഒരുപാട് കളിപ്പാട്ടങ്ങളുണ്ടായിരുന്നു.അവയൊക്കെ വെറും കളിപ്പാട്ടങ്ങളാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ ഞാന്‍ അവയെല്ലാം വലിച്ചെറിഞ്ഞു കളഞ്ഞു.അന്ന് ഞാന്‍ ഓര്‍ത്തില്ല ഒരുനാള്‍ ഞാനും ഇതുപോലെ ഒരു കളിപ്പാട്ടമായി തൊടിയിലേക്ക് വലിച്ചെറിയപ്പെടുമെന്നുള്ള സത്യം.മഴവെള്ളത്തില്‍ ഒലിച്ചുപോകുന്ന കളിപ്പാട്ടങ്ങള്‍ നോക്കി ഞാന്‍ പൊട്ടിച്ചിരിക്കാറുണ്ടായിരുന്നു. ഇന്നു പക്ഷേ എന്തോ മഴ നനഞ്ഞ് ഒഴുകുന്നത് ഞാന്‍ തന്നെ ആകുമ്പോള്‍ , എനിക്ക് പൊട്ടിച്ചിരിക്കാന്‍ ആവില്ലല്ലോ.ഒഴുക്കിവിട്ടവര്‍ വരാന്തയില്‍ നിന്ന് കൈകൊട്ടി ചിരിക്കുന്നുണ്ടാവാം .അവരറിയുന്നുണ്ടാവില്ലല്ലോ അവരാണ് നാളത്തെ കളിപ്പാട്ടങ്ങള്‍ എന്ന്.


Tuesday 25 May 2010

അവര്‍ പറഞ്ഞത്
ഞാ‍ന്‍ ഒരു കാര്‍ബണ്‍ പേപ്പറാണ്.ഞാന്‍ മറച്ചുപിടിച്ച ആ വെള്ള പ്രതലം നിറയെ നീ എഴുതിയ വാക്കുകളാണ്.ആരാണ് ആ വെള്ള പ്രതലത്തെ ഹൃദയം എന്നു വിളിച്ചത്.നീ എഴുതാതിരുന്ന വരികള്‍ അതില്‍ തിരയുന്നതിനുമുന്‍പ് നീ ഒന്നുകൂടി ഓര്‍മ്മിക്കുക.”ഞാന്‍ ഒരു കാര്‍ബണ്‍ പേപ്പറാണ്”.

ഞാന്‍ ഒരു പേനയാണ്.ആരുടെയോ കരങ്ങള്‍ നിയന്ത്രിക്കുന്ന വെറുമൊരു പേന.ഏതോ കരങ്ങളില്‍ ഞെരിഞ്ഞ് അത് നയിക്കുന്ന വഴിയിലൂടെ പോയിരുന്ന ഞാന്‍ എപ്പോഴോ ആശിച്ചിരുന്നോ സ്വന്തമായ ഒരു വ്യക്തിത്വം.സ്വയം കുറിച്ചിടാന്‍ എപ്പൊഴോ കരുതി വെച്ച വാക്കുകള്‍ ഓര്‍മ്മകളില്‍ മാറാലപിടിക്കുമ്പോള്‍ ഞാന്‍ ഓര്‍ത്തെടുക്കുന്നു എന്റെ പരിമിതികള്‍.”ഞാന്‍ ഒരു പേനയാണ്”

Wednesday 19 May 2010

വഴിയോരക്കാഴ്ചകള്‍ബ്രഷ് ഉപയോഗിക്കാതെ ഒരു പെയിന്റിംഗ്. പോസ്റ്റര്‍ കളറില്‍ വിരല്‍ മുക്കി ഒരു ചെറിയ ശ്രമം.Monday 12 April 2010

ആദിശങ്കരന്‍ പോയ വഴികളിലൂടെ (കാഞ്ചീപുരം)ഇത് ഒരു അന്വേഷണമാണ് , സര്‍വ്വജ്ഞപീടം കയറുമ്പോഴും മഹാനായ ശങ്കരാചാര്യരെ അലട്ടിയിരുന്ന ആ ഒരു ചോദ്യം ‘ഞാന്‍ ആര്’ ,അതാവാം നമ്മുടെ സംസ്കാരങ്ങളും പൈതൃകവും ഉറങ്ങുന്ന മണ്ണുകള്‍ തേടി ഈ യാത്ര തുടരാന്‍ എന്നെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം. ഹൈന്ദവ സംസ്കാരത്തിന്റെ വേരുകള്‍ അന്വേഷിച്ചുള്ളയാത്രയില്‍ ഞാന്‍ എന്റെ യാത്ര തുടങ്ങേണ്ടത് ക്ഷേത്രങ്ങളില്‍ നിന്നു തന്നെ ആണെന്ന വിശ്വാസമാകാം തമിഴ്നാട്ടിലെ കാഞ്ചീപുരം എന്ന നഗരത്തിലേക്കും അവിടുത്തെ ചരിത്രമുറങ്ങുന്ന ഹൈന്ദവ ദേവാലയങ്ങളിലേക്കും എന്നെ എത്തിച്ചത്.ഒരു കാലത്ത് ഭാരതത്തിലെ തന്നെ സുപ്രധാന നഗരമായി വളര്‍ന്നുകൊണ്ടിരുന്ന കാഞ്ചീപുരത്തിനെ കുറിച്ച് മഹാകവി കാളിദാസന്‍പറഞ്ഞ വാക്കുകള്‍ ( നഗരേഷു കാഞ്ചി ) , ആ മഹാ നഗരത്തിന് നൂറ്റാണ്ടുകള്‍ക്ക് മുന്‍പുണ്ടായിരുന്ന പ്രൌടിയും സമ്പത്സമൃദ്ധിയുമാണ് വെളിവാക്കുന്നത്.കാഞ്ചിയുടെ ചരിത്രം തുടങ്ങുന്നത് ക്രിസ്തുവര്‍ഷാരംഭത്തിനും നൂറ്റാണ്ടുകള്‍ക്ക് മുന്‍പാണെന്ന് ബി.സി രണ്ടാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട തമിഴ് സാഹിത്യ കൃതിയായ മണിമേഖല സാകഷ്യപ്പെടുത്തുന്നു. സംസ്കൃതികള്‍ പലത് മാറിവന്നു എങ്കിലും ഒരു ക്ഷേത്ര നഗരമായി കാഞ്ചി മാറുന്നതിന് പിന്നീട് വന്ന ഒരു സംസ്കാരവും തടസ്സമായില്ല എന്നുള്ളതിനുള്ള തെളിവാണ് ആയിരം ക്ഷേത്രങ്ങളുള്ള ഒരു നഗരമായി കാഞ്ചീപുരം വളര്‍ന്നത്(കാഞ്ചീപുരത്തിനെ ഇന്ന് സിറ്റി ഓഫ് തൌസണ്ട് റ്റെമ്പിള്‍സ് എന്ന് അറിയപ്പെടുന്നു). നാലാം നൂറ്റാണ്ടുമുതല്‍ ഒന്‍പതാം നൂറ്റാണ്ട് വരെ കാഞ്ചീപുരം പല്ലവസാമ്രാജ്യത്തിന്റെ തലസ്ഥാനമായി നിലകൊണ്ടു.ഈ കാലയളവിലാണ് ഇത്രയധികം ക്ഷേത്രങ്ങള്‍ ഇവിടെ നിര്‍മ്മിക്കപ്പെട്ടതെന്ന് ചരിത്രം സാകഷ്യപ്പെടുത്തുന്നു. അശ്വത്ഥാമാവിന് ദേവനര്‍ത്തകി മേനകയില്‍ ഉണ്ടായ പുത്രനായ പല്ലവനില്‍ നിന്നാണ് പല്ലവ സാമ്രാജ്യത്തിന്റെ തുടക്കം എന്ന് കരുതപ്പെടുന്നു.ചോളസാമ്രാജ്യത്തിന്റെ പതനത്തോടെ ശക്തരായ പല്ലവര്‍ ഒന്‍പതാം നൂറ്റാണ്ട് വരെ കാഞ്ചീപുരതിന്റെ അദിപന്മാരായിരുന്നു. കാഞ്ചീപുരത്തിനെ കുറിച്ചുള്ള ഏറ്റവും പഴയതെന്നു കരുതപ്പെടുന്ന ലിഖിതങ്ങള്‍ സംസ്കൃത കൃതിയായ പത്ഞ്ജലിയില്‍ ആണുള്ളത്.മഹാഭാരതത്തിലെ ദ്രാവിഡ രാജ്യം കാഞ്ചീപുരവും അതിനു ചുറ്റുമുള്ള സ്ഥലങ്ങളുമാണെന്ന് ഈ ലിഖിതങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.ചന്ദ്രഗുപ്തമൌര്യന്റെ മന്ത്രിയായിരുന്ന ചാണക്യന്റെ ദേശമാണ് ദ്രാവിഡരാജ്യം. തമിഴന്‍ എന്നര്‍ത്ഥം വരുന്ന ‘ദ്രാമില’ എന്ന ഒരു നാമം കൂടി ചാണക്യനുണ്ടായിരുന്നു എന്നത് ചരിത്ര ഗവേഷകരുടെ ഈ കണ്ടെത്തെലിനെ ഒന്നുകൂടി ബലപ്പെടുത്തുന്നു.

അദ്വൈത സിദ്ധാന്തത്തിന്റെ പ്രചാരകനായിരുന്ന ശ്രീ ആദി ശങ്കരാചര്യര്‍ക്ക് കാഞ്ചീപുരവുമായുള്ള ബന്ധം, ഈ പുണ്യ സ്ഥലത്തിന് ഹിന്ദുമതവുമായും ഹൈന്ദവ സംസകാരവുമായിട്ടുള്ള അഭേദ്യമായ ബന്ധത്തിന്റെ മകുടോദാഹരണങ്ങളാണ്. ഹിന്ദുമതത്തിന്റെ വളര്‍ച്ചയുടെ ഓരോ പടവുകളിലും അതിനെ മുന്നോട്ടുനയിക്കുന്നതില്‍ സംസ്കൃതഭാഷ വഹിച്ച പങ്ക് ഒഴിച്ചു കൂടാനാകാത്ത ഘടകങ്ങളില്‍ ഒന്നായിരുന്നു. പുരാണങ്ങളിലും വേദങ്ങളിലും ഉപനിഷത്തുകളിലും ഉപയോഗിച്ചിരുന്ന സംസ്കൃത പദങ്ങള്‍ അല്ലങ്കില്‍ പ്രയോഗങ്ങള്‍ പ്രയോക്താക്കളിലേക്ക് സംവദിപ്പിച്ചത് മഹത്തായ സന്ദേശങ്ങളായിരുന്നു.ഉദാഹരണമായി ‘തത്വമസി’ എന്ന മഹാവാക്യം തന്നെ എടുക്കാം. തത് എന്നാല്‍ രൂപങ്ങള്‍ക്കും നിറങ്ങള്‍ക്കും അതീതമായതെന്തോ അത് .ആ അതീത ശക്തിയാണ് പരമാത്മാവ് അല്ലെങ്കില്‍ നിര്‍ഗുണ ബ്രഹ്മം. ‘ത്വം’ എന്നതുകൊണ്ടര്‍തഥമാക്കുന്നത് ജീവാത്മാവിനെആണ് . ജീവത്മാവും പരമാത്മാവും രണ്ടും രണ്ടല്ല രണ്ടും ഒന്നുതന്നെയാണ് അല്ലെങ്കില്‍ നീ തന്നെയാണ് പരമാത്മാവ് എന്ന മഹാ സത്യമാണ് തത്വമസ്സി നമ്മെ മനസ്സിലാക്കി തരുന്നത്.അദ്വൈതം പറയുന്നു ‘ബ്ബ്രഹ്മ സത്യം, ജഗത് മിഥ്യ’ .ഇത് അര്‍തഥമാക്കുന്നത് ബ്രഹ്മം മാത്രമാണ് സത്യ മായുള്ളത് ഈ കാണുന്ന ലോകവും അതില്‍ കാണുന്നതെല്ലാം വെറും മിഥ്യ ( illusion) മാത്രമാണെന്നുമുള്ള പരമമായ സത്യമാണ്. ലൌകിക സുഖങ്ങളാകുന്ന മായയില്‍ അകപ്പെട്ട് അന്ധനായവന്‍ അറിയുന്നില്ല ജീവാത്മാവും പരമാത്മാവും രണ്ടല്ല എന്ന പരമമായ അദ്വൈതസത്യം. പിന്നീട് സ്വന്തം ശരീരവും മുന്നില്‍ കാണുന്ന ഈ ലോകവുമാണ് സത്യം എന്ന് അവന്‍ വിശ്വസിക്കാന്‍ തുടങ്ങുന്നു.ഈ വിശ്വാസം അവനില്‍ ഞാന്‍ എന്ന ഭാവവും അഹന്തയും ആഗ്രഹങ്ങളും ജനിക്കാന്‍ മൂലകാരണം ആകുന്നു.തന്മൂലം മോക്ഷത്തിലേക്കുള്ള അവന്റെ ദൂരം വര്‍ദ്ദിക്കുകയും ജനന മരണ ചക്രത്തില്‍ അകപ്പെടുകയും ചെയ്യുന്നു.എന്നാല്‍ ഗുരുവിനാല്‍ നയിക്കപ്പെടുന്ന ഒരുവന്‍ മനസ്സിലക്കുന്നു “ അഹം ബ്രഹ്മാസ്മി “ എന്ന വാക്യത്തിന്റെ അര്‍ത്ഥവ്യാപ്തി. ഞാന്‍ പരമാത്മാവുതന്നെയാകുന്നു എന്ന തിരിച്ചറിവ് ഒരുവനെ മഹാ ജ്ഞാനിയാക്കി തീര്‍ക്കുന്നു.അങ്ങനെ മഹാജ്ഞാനിയായ ഒരാള്‍ മായയുടെ വലയത്തില്‍നിന്ന് പുറത്തുവരികയും ലോകവും ഈ കാണുന്ന ശരീരവും എല്ലാം നശ്വരമാണെന്ന് മനസ്സിലാക്കാന്‍ തുടങ്ങുകയും ചെയ്യുന്നു.ഇങ്ങനെയുള്ള ഒരു വ്യക്തി മനസ്സിനെയും ശരീരത്തിനെയും നിയന്ത്രിക്കാന്‍ കഴിവു സിദ്ധിച്ചവനും,കോപത്തിനെ അടക്കിയവനും ,മറ്റുള്ള എല്ലാത്തിലും സ്വന്തം അംശത്തിനെ ദര്‍ശിക്കുന്നവനും ,ചെയ്യുന്ന പ്രവര്‍ത്തികള്‍ക്ക് പ്രതിഫലം കാംഷിക്കാത്തവനും ,കര്‍മ്മബ്ന്ധങ്ങളില്‍ നിന്ന് മോചനം നേടിയവനും മോക്ഷത്തിലേക്ക് അടുത്തവനും ആയിരിക്കും എന്ന് ജ്ഞാനികള്‍ സാകഷ്യപ്പെടുത്തുന്നു.

കാഞ്ചിയിലെ ചില പുണ്യസ്ഥലങ്ങള്‍ .

കാഞ്ചി കാമകോടിപീടം
ശങ്കരാചാര്യര്‍ സ്ഥാപിച്ചു എന്നു കരുതപ്പെടുന്ന കാഞ്ചി കാമകോടിപീടം കാഞ്ചീപുരത്തിന്റെ പ്രത്യേകതയാണ്.ഇതിന്റെ പിന്നിലെ ചരിത്രം ഇങ്ങനെ -കേദാരനാദ് ക്ഷേത്ര ദര്‍ശനത്തിനു ശേഷം കൈലാസത്തിലേക്കുള്ള യാത്രാമദ്ധ്യേ പരമശിവന്‍ ദര്‍ശനം നല്‍കുകയും നാലു സ്ഫടിക ശിവലിംഗങ്ങള്‍ ശങ്കരാചാര്യര്‍ക്ക് നല്‍കുകയും ചെയ്തു. അതില്‍ യോഗലിംഗം സ്താപിക്കപ്പെട്ടത് കാഞ്ചി കാമകോടി പീടത്തിലാണ്.

ശ്രീ..കാമാക്ഷി ദേവി ക്ഷേത്രം-
ബ്രഹ്മാവില്‍നിന്ന് നിരവധി വരങ്ങള്‍ നേടിയ ബന്ദകാസുരന്‍ ദേവന്മാരെ ആക്രമിച്ചപ്പോള്‍ പരാശക്തി ബന്ദകാസുരനെ വധിച്ച് ദേവന്മാരെ രക്ഷിച്ചു എന്നും .അന്നുമുതല്‍ ദേവന്മാരുടെ പ്രാര്‍ത്ഥനയാല്‍ കാഞ്ചിയില്‍ ദേവി കുടികൊള്ളുന്നു എന്നുമാണ് വിശ്വാസം.

ഏകാംബരനാദര്‍ ക്ഷേത്രം-
പഞ്ചഭൂതങ്ങളില്‍ ഭൂമിയെ പ്രതിനിദാനം ചെയ്യുന്ന ക്ഷേത്രമാണിത്.
1.കാഞ്ചീപുരം -- ഭൂമി
2.തിരുവാനയ്കോവില്‍--ജലം
3.തിരുവണ്ണാമല---അഗ്നി
4.ശ്രീകാളഹസ്തി-വായു
5.ചിദംബരം-ആകാശം
ക്ഷേത്ര ചരിത്രം- ഒരിക്കല്‍ പാര്‍വ്വതി കളിയായി ശിവന്റെ കണ്ണുകള്‍ പൊത്തി. ശിവന്റെ ഒരു കണ്ണ് സൂര്യനും മറ്റൊന്ന് ചന്ദ്രനും ആയിരുന്നു .കണ്ണുകള്‍ പൊത്തിയപ്പോള്‍ ലോകം മുഴുവന്‍ ഇരുട്ടിലാണ്ടു. എല്ലാ ചരാചരങ്ങളും ഇതിറ്റെ കഷ്ടതകള്‍ അനുഭവിച്ചു.ഇതിനുള്ള ശിക്ഷയായി പാര്‍വ്വതി ഭൂമിയില്‍ വസിക്കണമെന്ന് കല്‍പ്പിക്കപ്പെട്ടു. ഭൂമിയില്‍ പാര്‍വതി ഒരു മാവിന്റെ ചുവട്ടില്‍ കാഞ്ചീപുരത്ത് ഇന്ന് ക്ഷേത്രം നില്‍ക്കുന്ന സ്ഥലത്ത് മണലുകൊണ്ട് ശിവലിഗം തീര്‍ത്ത് തപസ്സ് ചെയ്തതായാണ് പുരാണങ്ങള്‍ പറയുന്നത്.


വരദരാജപെരുമാള്‍ ക്ഷേത്രം--
ബ്രഹ്മാവ് അശ്വമേധയാഗം നടത്തി വിഷ്ണുവിനെ പ്രത്യക്ഷപ്പെടുത്തിയ സ്ഥലമായി ഇത് കരുതപ്പെടുന്നു.

ഈ യാത്രകളില്‍ ഞാന്‍ കണ്ട കാഴ്ചകള്‍ കേട്ടറിഞ്ഞ കുറേ കഥകള്‍ ഇവ ചെറിയ രീതിയില്‍ എങ്കിലും നിങ്ങളിലേക്ക് പകര്‍ന്ന് തരാന്‍ ആയെങ്കില്‍ ഈ വരികളുടെ ഉദ്ദേശം പൂര്‍ണ്ണമാകുകയാണ്. എങ്കിലും ഈ അന്വേഷണം ഇവിടെ അവസാനിക്കുന്നില്ല ..അത് തുടരുകയാണ്...

"യഥാ യഥാഹി ധര്‍മ്മസ്സ്യ; ഗ്ലാനിര്‍ഭവതി ഭാരത:
അപൂര്‍ത്തനമധര്‍മ്മസ്യ; തഥാത്മനം സ്രുജാമ്യഹം.
പരിത്രാണായ സാധൂനാം;വിനാശായച ദുഷ്ക്രുതം;
ധര്‍മമ സംസതാപനാര്‍ത്ഥായാ; സംഭവാമി യുഗേ,യുഗേ”

Monday 29 March 2010

നീ പോകാതിരിക്കുമൊ?ഒരു പാട്ടു മാത്രം ബാക്കിയാക്കി പറന്നകലുവാനാകുമോ പക്ഷീ.
നിന്റെ പാട്ടിലെ സ്വരവും, സ്വരങ്ങള്‍തന്‍ ലയവും കേട്ടു-
മയങ്ങുമൊരു സന്ധ്യതന്‍ മൌനം മറന്നുനീ എന്തിനീ-
യാത്ര തുടങ്ങുന്നു വീണ്ടും അലസമായ്,അവ്യക്തമായ്.
കുളിരാര്‍ന്ന സായന്തനങ്ങള്‍ വിടപറഞ്ഞകലുമ്പോള്‍-
ഈ കാടു കേട്ട നിന്‍ പാട്ടുകള്‍ , കാതോര്‍ത്ത താരാട്ടുകള്‍;
മറയുന്നു , ഒരു ചിറകടിയില്‍ അകലുന്നു എന്ന് അറിയുമ്പോള്‍-
പൊഴിയുമൊരു മഞ്ഞുകണമീ രാത്രി തന്‍ ദുഖമായ്-
ഈ ഇലത്തണ്ടില്‍ നിന്നടരാന്‍ ഒരുങ്ങി നില്‍ക്കെ-
വീശുമൊരു കാറ്റായ് വന്നൊരോര്‍മ്മകള്‍,പൂക്കളായ്-
ഈ തരുവില്‍ വിടരുമോ;
പൂര്‍ണ്ണത തേടി അലഞ്ഞൊരാ പാട്ടിലെ വരികളും,
മൌന സന്ധ്യ തന്‍ പ്രണയവും-
പൂര്‍ണ്ണമാകുമോ , നീ പോകാതിരിക്കുമൊ?

Audio (Quality of the audio is not very good .Please excuse)

Sunday 21 March 2010

അമൃതധാരഒരു പുലരിയായ് വന്നുനീ എന്റെയീ നെറുകയില്‍-
തൊടുവിച്ച കളഭമാം ഹിമബിന്ധുവില്‍.
വിടരുന്നു പത്മദലങ്ങള്‍ തന്‍ മുകുളങ്ങള്‍-
നിറയുന്ന അറിവിന്‍ പരാഗങ്ങളായ്.
ആത്മാവിലൂറുന്ന തീര്‍തഥമായ് വാക്കായ്-
നീ തന്ന മന്ത്രാക്ഷരങ്ങള്‍ മാറുമ്പോള്‍-
തീരത്തു നില്ക്കുമൊരു കുഞ്ഞിന്റെ കൌതുകം-
ഒരു തിരയായിമാറുന്നു എന്റെയീ ഹൃദയത്തില്‍.
വിരലുകളില്‍ നാദം പകര്‍ന്നു നീ ചതുരശ്ര-
താളം പകര്‍ത്തിയെന്‍ ഹൃദയ മൃദംഗത്തില്‍.
സ്വരമായി ലയമായി സങ്കീര്‍ത്തനമായി-
നാവിലൊരു ഗായത്രിയായ് വന്നു ഞാനറിയാതെന്നോ.
എന്നും ഞാന്‍ കാണുന്നു ജഞാനസ്വരൂപിണി-
അംബികേ അമ്മേ സരസ്വതീ നിന്‍ രൂപം.
ആത്മാവിലൂറുന്ന ഋകും സാമവും-
എന്നില്‍ നിറച്ചൊരാ ദിവ്യ പ്രകാശമേ.
സ്വീകരിക്കൂ ഈ ജന്മമാം അര്‍ച്ചന-
അര്‍പ്പിച്ചിടുന്നു നിന്‍ പാദങ്ങളില്‍ നിത്യം..

Saturday 20 March 2010

മണ്ണും ചാ‍രി നിന്നവന്‍ പെണ്ണും കൊണ്ട് പോയിഞാന്‍ ഒന്‍പതാം തരത്തില്‍ വി.വി.എച്ച്.എസ്സില്‍ പഠിക്കുന്ന കാലം . കലോത്സവകാലമായാല്‍ പിന്നെ തിരക്കാണ് .അന്നൊക്കെ പത്ത് ഐറ്റം ഉണ്ടെങ്കില്‍ പത്തിനും പേരു കൊടുക്കാതെ ഉറക്കം വരാറില്ല. പരിപാടി അവതരിപ്പിചില്ലെങ്കിലും വേണ്ടീല്ല സ്റ്റേജില്‍ എന്റെ പേരു വിളിക്കാത്ത ഒരു ഐറ്റവും ഉണ്ടാവാന്‍ പാടില്ല എന്ന് എനിക്ക് നിര്‍ബന്ധമായിരുന്നു. ഇത്തവണ അമ്മയുടെ അപേക്ഷ പരിഗണിച്ച് നാടകത്തിലും കവിതാരചനയിലുമായി ഒതുങ്ങിക്കൂടാന്‍ കരുതിയാണ് സ്കൂളിലെത്തിയത്. പക്ഷേ ഹൌസ് ക്യാപ്റ്റന്മാര്‍ വിടേണ്ടെ .അവസാനം എഴുതിവന്നപ്പോള്‍ ഞാന്‍ ഇല്ലാത്ത മത്സര ഇനങ്ങള്‍ ഒന്നും തന്നെ ഇല്ലന്നുള്ള അവസ്ഥയായി. പദ്യപാരായണം ,പെന്‍സില്‍ ഡ്രായിംഗ്,മ്രുദംഗം പെയിന്റിന്‍ഗ്,കവിതാ രചന,കഥാ രചന ,മിമിക്രി,മോണൊആക്ട്, ടാബ്ലോ ,നാടകം അവസാനം അറ്റകൈ പ്രയോഗം എന്ന നിലയില്‍ ഇത്തവണ പുതിയതായി ഒരു ഇനം കൂടി കഥാപ്രസംഗം.

മത്സരങ്ങള്‍ ഒക്കെ എങ്ങനെയൊക്കെയോ കഴിഞ്ഞു.കഥാപ്രസംഗം മാത്രം ഞാന്‍ അവതരിപ്പിച്ചില്ല .കാണികളുടെ ഭാഗ്യം അല്ലാതെ എന്തു കരുതാന്‍ .നാടകവും കഥാരചനയും കവിതാ രചനയും ഒക്കെ സബ് ജില്ലയിലേക്ക് കൊണ്ടു പോകുന്നു എങ്കിലും ഒരു ചെറിയ വിഷമം മാത്രം ഉപകരണ സംഗീതത്തില്‍ മ്രുദംഗത്തിന് ബി ഗ്രേട് ആയതിനാല്‍ എ ഗ്രേഡുള്ള വയലിനാണ് സബ് ജില്ലയിലേക്ക് കൊണ്ടുപോകാന്‍ സാധ്യത.ആദ്യം അല്പം വിഷമം തോന്നിയെങ്കിലും പിന്നെ അതൊക്കെ മറന്നു. സബ്ജില്ലാ കലോത്സവത്തിന് ഒരാഴ്ച മുന്‍പ് കുറുപ്പുസാര്‍ പറഞ്ഞു .നീ മ്രുദംഗം പ്രാക്ടീസ് ചെയ്തോ വയലിന്‍ വായിക്കുന്ന കുട്ടി സുഖമില്ലാതെ ആശുപത്രിയിലാണ് . സത്യത്തില്‍ എനിക്കപ്പോള്‍ സബ് ജില്ലയില്‍ ഒരു ഐറ്റം കൂടി അവതരിപ്പിക്കാന്‍ കഴിയും എന്നുള്ള സന്തോഷത്തേക്കാള്‍ തോന്നിയത് ആ‍ കുട്ടിയേകുറിച്ചോര്‍ത്തുള്ള വിഷമം തന്നെ ആയിരുന്നു.

അവസാനം സബ്ജില്ലാ കലോത്സവവും വന്നെത്തി.ഇത്തവണ സബ്ജില്ലാ കലോത്സവം കായംകുളത്തു വെച്ചാണ് .അടൂര്‍ നാരായണന്‍ കുട്ടി സാറിന്റെ അടുത്ത് കഴിഞ്ഞ ഒരാഴ്ച പരിശീലനം നടത്തിയ ആത്മവിശ്വാസം കൂടെ ഉണ്ടെങ്കിലും ഒരു പകരക്കാരനായി എത്തിയ എന്നില്‍ അര്‍പ്പിക്കപ്പെട്ടിരിക്കുന്ന ഉത്തരവാദിത്തങ്ങള്‍ ചുമലില്‍ ഒരു ഭാരമായും മനസ്സില്‍ ഒരല്പം ഭയമായും എന്നേ അസ്വസ്ഥനാക്കിക്കൊണ്ടിരുന്നു.മ്രുദംഗവുമെടുത്ത് വേദിയിലേക്ക് കയറുമ്പോള്‍, മനസ്സില്‍ കവിതയും കഥയും നാടകവും ഒന്നുമില്ല , ഒരല്പം ഭയവും പിന്നെ ഈശ്വരനോടുള്ള പ്രാര്‍തനയും മാത്രം. പിന്നെ എനിക്കൊന്നും ഓര്‍മ്മയില്ല വായിച്ച നടകളോ താളങ്ങളോ ഗമഗമോ ഒന്നും തന്നെ.വായിച്ചു നിര്‍ത്തുമ്പോള്‍ വേദിയില്‍ നിന്നുയര്‍ന്ന കരഘോഷങ്ങളില്‍ എന്നും ഉണ്ടാകാറുള്ള ആവര്‍ത്തന വിരസതയും അന്നുണ്ടായിരുന്നില്ല .അതോ അതു തിരിച്ചറിയാനുള്ള മാനസികാവസ്ഥയിലല്ലായിരുന്നോ എന്തോ .

എന്റെ കഴിവുകളില്‍ എനിക്കുള്ള വിശ്വാസക്കുറവോ അതോ മറ്റു കുട്ടികളില്‍ ഉള്ള അമിത വിശ്വാസമോ , എന്തോ ഞാന്‍ മത്സര ഭലത്തിനു കാത്തു നില്‍ക്കാതെ ഭക്ഷണം കഴിക്കാന്‍ പോയി.കവിതാ രചനയിലും കഥാരചനയിലും സമ്മാനം എനിക്കാണെന്ന് ഉച്ചഭാഷണിയിലൂടെയുള്ള അനവ്ണ്‍സ്മെന്റ് കേട്ടു എങ്കിലും മറ്റെന്തോ ഒരു വിഷമം എന്നെ അലട്ടുന്നുണ്ടായിരുന്നു.തിരിച്ചുവന്നപ്പോള്‍ പിള്ള സാറിന്റെ വിളി .എവിടെ പോയിരുന്നു നീ..ഞങ്ങള്‍ എത്ര നേരമായി നിന്നെ തിരയുന്നു .. എന്താ സാര്‍ എന്തിനായിരുന്നു ഞാന്‍ ചോദിച്ചു. നിനക്കാണെടാ ഉപകരണ സംഗീതത്തില്‍ ഒന്നാം സമ്മാനം , എ ഗ്രേഡും ഉണ്ട്. മറ്റനവദി സമ്മാനങ്ങള്‍ പല വേദികളിലായി ലഭിച്ചിട്ടുണ്ടെങ്കിലും ഒരുപാട് ആത്മസംതൃപ്തി തന്ന ആ സ്ഥാനം ഇന്നും എന്റെ ഓര്‍മ്മകളിലെ മഹത്തായ സമ്മാനമായി സ്ഥാനമായി ഞാന്‍ കാണുന്നു. സ്കൂള്‍ കലോത്സവത്തില്‍ ജഡ്ജായിരുന്ന, എനിക്കു ബി ഗ്രേഡ് തന്ന കുറുപ്പുസാര്‍ മുറുക്കാന്‍ കുത്തിത്തിരുകിയ വായകൊണ്ട് അപ്പോള്‍ പറഞ്ഞ അല്പം നര്‍മ്മം കലര്‍ന്ന അര്‍തസമ്പുഷ്ടമായ വാക്കുകള്‍ ഞാന്‍ ബഹുമാനത്തോടെ സമരിക്കുന്നു ‘മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ട് പോയി’.

Thursday 18 March 2010

മൂന്ന് സംശയങ്ങള്‍
ഞാന്‍ വാക്കുകള്‍ അടുക്കി വാചകങ്ങള്‍ ഉണ്ടാക്കുകയായിരുന്നു.
അപ്പോള്‍ രണ്ടു വാക്കുകള്‍ , പ്രണയവും പ്രളയവും.
പ്രണയത്തിനു മുന്‍പാണോ പ്രളയം വരേണ്ടത് ?
അതോ പ്രണയത്തിനു ശേഷമോ പ്രളയം?


തിരക്കുകള്ക്കിടയില്‍ എന്നെ ഭൂതകാലത്തിലേക്ക് കൊണ്ടുപോയത്-
ഒരു ബാക്ക് സ്പെയ്സോ അതോ അലസമായ ഒരു നിദ്രയോ?

വഴിവക്കിലിരുന്ന ഭ്രാന്തിയുടെ പിറുപിറുപ്പില്‍ ഞാന്‍ കേട്ടത്-
കപടലോകത്തോടുള്ള അമര്‍ഷമോ അതൊ ഇത് എന്റെ വിധി എന്ന നെടുവീര്‍പ്പോ?

Monday 1 March 2010

ബിംബങ്ങള്‍ ഉടഞ്ഞു വീഴുമ്പോള്‍

ഭാ‍രതമെന്നു കേട്ടാല്‍ അഭിമാനപൂരിതമാകണം അന്തരംഗം... കേരളമെന്നുകേട്ടാലോ തിളക്കണം ചോര നമുക്കു ഞരമ്പുകളില്‍... എന്നു ഞങ്ങള്‍ ഉറക്കെ പാടിയത് ഇതു എഴുതിയ കവിയോടുള്ള അമിത ആദരവോ അല്ലെങ്കില്‍ വ്യക്തിപരമായ താല്പര്യങ്ങള്‍ കൊണ്ടോ ആയിരുന്നില്ല.മറിച്ച് ഓരോ കേരളീയനും ഇത് ഏറ്റുപാടിയപ്പോള്‍ ഇവിടെ മുഴങ്ങിയത് ദേശസ്നേഹത്തിന്റെ മാറ്റൊലികളായിരുന്നു.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മാദ്യമങ്ങളിലൂടെ കണ്ടക്ഷോഭം നടത്തുന്ന നടന്മാരും വിമര്‍ശകശിരോമണികളും ഒന്നു തിരിച്ചറിയണം ഞങ്ങള്‍ ഇഷ്ടപ്പെട്ടത് നിന്ങ്ങള്‍അവതരിപ്പിച്ച കഥാപാത്രങ്ങളെയും സത്യസന്ധമായ വിമര്‍ശനങ്ങളേയു മാത്രമാണ്.അപ്പോള്‍ നിങ്ങള്‍ ചോദിക്കാം ഒരു കഥാപാത്രം എന്നത് ഒരു നടന്റെ കഴിവല്ലേ എന്ന്.ആണെന്ന് ഞാന്‍ സമ്മതിക്കാം , പക്ഷേ നടന് അഭിനയിച്ച എല്ലാ കഥാപാത്രങ്ങളും ഒരുപോലെ വിജയിച്ചിരുന്നു എങ്കില്‍.ഇപ്പോള്‍ നമുക്ക് മനസ്സിലാകും ഒരു നടന്റെ മാത്രം കഴിവല്ല മറ്റു പല ഘടകങ്ങളും ഒരു കഥാപാത്രത്തിന്റെ അല്ലെങ്കില്‍ ഒരു സിനിമയുടെ വിജയത്തില്‍ ഒരുപോലെ സ്വാദീനം ചെലുത്തുന്നുണ്ടെന്ന്.അല്ലയോ വിമര്‍ശകാ അങ്ങയുടെ പ്രസംഗങ്ങള്‍ ഞങ്ങള്‍ കേട്ടിരുന്നത് അതില്‍ ഞങ്ങള്‍ അറിയുന്ന സത്യത്തിന്റെ അംശം ഉണ്ടായിരുന്നതുകൊണ്ട് മാത്രമാണ്.അല്ലാതെ വിഗ്ഗ് വെച്ചില്ല എന്നു താങ്കള്‍ അവകാശപ്പെടുന്ന തലയും ചായം തേക്കാത്ത മുഖവും കണ്ടിരിക്കാനുള്ള കൊതികൊണ്ടായിരുന്നില്ല . മറ്റുള്ളവരെ അധിക്ഷേപിക്കാന്‍ മാത്രമായി പത്ര പ്രസ്താവനകള്‍ നടത്തുന്നവര്‍ ഒന്നു തിരിച്ചറിയണം ഇത് സ്വന്തം പല്ലിന്റെ ഇടകുത്തി മറ്റുള്ളവനു മണക്കാന്‍ നീട്ടുന്നതിനു തുല്യമാണു നിങ്ങളുടെ പ്രവര്‍ത്തി.ഒരു വ്യക്തിയെ ആക്ഷേപിക്കാന്‍ പത്ര മാദ്യമങ്ങള്‍ഉപയോഗിക്കുന്നത് നിങ്ങള്‍സമൂഹത്തോട് ചെയ്യുന്ന മാപ്പര്‍ഹിക്കാത്ത കുറ്റ മാണ്. കേരളത്തിലെ ഓരോ വ്യക്തിയും ശത്രുക്കളെ കുറ്റം പറയാന്‍ പത്രമാദ്യമങ്ങളെ ഉപയോഗപ്പെടുത്തുകയാണെങ്കില്‍ ഇന്നുകാണുന്ന മാട്രിമോണിയല്‍ പേജുപോലെ പുതിയതായി ഒന്ന് പത്രാധിപന്മാര്‍ക്ക് ആലോചിക്കാവുന്നതാണ്.ഇത്തരം വാചാടോപങ്ങള് അച്ചടിച്ച് വിടുന്ന സ്നേഹിതരെ , പ്ലീസ് ..ഞങ്ങള്‍ക്ക് താല്പര്യമില്ല ..