Monday 29 March 2010

നീ പോകാതിരിക്കുമൊ?ഒരു പാട്ടു മാത്രം ബാക്കിയാക്കി പറന്നകലുവാനാകുമോ പക്ഷീ.
നിന്റെ പാട്ടിലെ സ്വരവും, സ്വരങ്ങള്‍തന്‍ ലയവും കേട്ടു-
മയങ്ങുമൊരു സന്ധ്യതന്‍ മൌനം മറന്നുനീ എന്തിനീ-
യാത്ര തുടങ്ങുന്നു വീണ്ടും അലസമായ്,അവ്യക്തമായ്.
കുളിരാര്‍ന്ന സായന്തനങ്ങള്‍ വിടപറഞ്ഞകലുമ്പോള്‍-
ഈ കാടു കേട്ട നിന്‍ പാട്ടുകള്‍ , കാതോര്‍ത്ത താരാട്ടുകള്‍;
മറയുന്നു , ഒരു ചിറകടിയില്‍ അകലുന്നു എന്ന് അറിയുമ്പോള്‍-
പൊഴിയുമൊരു മഞ്ഞുകണമീ രാത്രി തന്‍ ദുഖമായ്-
ഈ ഇലത്തണ്ടില്‍ നിന്നടരാന്‍ ഒരുങ്ങി നില്‍ക്കെ-
വീശുമൊരു കാറ്റായ് വന്നൊരോര്‍മ്മകള്‍,പൂക്കളായ്-
ഈ തരുവില്‍ വിടരുമോ;
പൂര്‍ണ്ണത തേടി അലഞ്ഞൊരാ പാട്ടിലെ വരികളും,
മൌന സന്ധ്യ തന്‍ പ്രണയവും-
പൂര്‍ണ്ണമാകുമോ , നീ പോകാതിരിക്കുമൊ?

Audio (Quality of the audio is not very good .Please excuse)

Sunday 21 March 2010

അമൃതധാരഒരു പുലരിയായ് വന്നുനീ എന്റെയീ നെറുകയില്‍-
തൊടുവിച്ച കളഭമാം ഹിമബിന്ധുവില്‍.
വിടരുന്നു പത്മദലങ്ങള്‍ തന്‍ മുകുളങ്ങള്‍-
നിറയുന്ന അറിവിന്‍ പരാഗങ്ങളായ്.
ആത്മാവിലൂറുന്ന തീര്‍തഥമായ് വാക്കായ്-
നീ തന്ന മന്ത്രാക്ഷരങ്ങള്‍ മാറുമ്പോള്‍-
തീരത്തു നില്ക്കുമൊരു കുഞ്ഞിന്റെ കൌതുകം-
ഒരു തിരയായിമാറുന്നു എന്റെയീ ഹൃദയത്തില്‍.
വിരലുകളില്‍ നാദം പകര്‍ന്നു നീ ചതുരശ്ര-
താളം പകര്‍ത്തിയെന്‍ ഹൃദയ മൃദംഗത്തില്‍.
സ്വരമായി ലയമായി സങ്കീര്‍ത്തനമായി-
നാവിലൊരു ഗായത്രിയായ് വന്നു ഞാനറിയാതെന്നോ.
എന്നും ഞാന്‍ കാണുന്നു ജഞാനസ്വരൂപിണി-
അംബികേ അമ്മേ സരസ്വതീ നിന്‍ രൂപം.
ആത്മാവിലൂറുന്ന ഋകും സാമവും-
എന്നില്‍ നിറച്ചൊരാ ദിവ്യ പ്രകാശമേ.
സ്വീകരിക്കൂ ഈ ജന്മമാം അര്‍ച്ചന-
അര്‍പ്പിച്ചിടുന്നു നിന്‍ പാദങ്ങളില്‍ നിത്യം..

Saturday 20 March 2010

മണ്ണും ചാ‍രി നിന്നവന്‍ പെണ്ണും കൊണ്ട് പോയിഞാന്‍ ഒന്‍പതാം തരത്തില്‍ വി.വി.എച്ച്.എസ്സില്‍ പഠിക്കുന്ന കാലം . കലോത്സവകാലമായാല്‍ പിന്നെ തിരക്കാണ് .അന്നൊക്കെ പത്ത് ഐറ്റം ഉണ്ടെങ്കില്‍ പത്തിനും പേരു കൊടുക്കാതെ ഉറക്കം വരാറില്ല. പരിപാടി അവതരിപ്പിചില്ലെങ്കിലും വേണ്ടീല്ല സ്റ്റേജില്‍ എന്റെ പേരു വിളിക്കാത്ത ഒരു ഐറ്റവും ഉണ്ടാവാന്‍ പാടില്ല എന്ന് എനിക്ക് നിര്‍ബന്ധമായിരുന്നു. ഇത്തവണ അമ്മയുടെ അപേക്ഷ പരിഗണിച്ച് നാടകത്തിലും കവിതാരചനയിലുമായി ഒതുങ്ങിക്കൂടാന്‍ കരുതിയാണ് സ്കൂളിലെത്തിയത്. പക്ഷേ ഹൌസ് ക്യാപ്റ്റന്മാര്‍ വിടേണ്ടെ .അവസാനം എഴുതിവന്നപ്പോള്‍ ഞാന്‍ ഇല്ലാത്ത മത്സര ഇനങ്ങള്‍ ഒന്നും തന്നെ ഇല്ലന്നുള്ള അവസ്ഥയായി. പദ്യപാരായണം ,പെന്‍സില്‍ ഡ്രായിംഗ്,മ്രുദംഗം പെയിന്റിന്‍ഗ്,കവിതാ രചന,കഥാ രചന ,മിമിക്രി,മോണൊആക്ട്, ടാബ്ലോ ,നാടകം അവസാനം അറ്റകൈ പ്രയോഗം എന്ന നിലയില്‍ ഇത്തവണ പുതിയതായി ഒരു ഇനം കൂടി കഥാപ്രസംഗം.

മത്സരങ്ങള്‍ ഒക്കെ എങ്ങനെയൊക്കെയോ കഴിഞ്ഞു.കഥാപ്രസംഗം മാത്രം ഞാന്‍ അവതരിപ്പിച്ചില്ല .കാണികളുടെ ഭാഗ്യം അല്ലാതെ എന്തു കരുതാന്‍ .നാടകവും കഥാരചനയും കവിതാ രചനയും ഒക്കെ സബ് ജില്ലയിലേക്ക് കൊണ്ടു പോകുന്നു എങ്കിലും ഒരു ചെറിയ വിഷമം മാത്രം ഉപകരണ സംഗീതത്തില്‍ മ്രുദംഗത്തിന് ബി ഗ്രേട് ആയതിനാല്‍ എ ഗ്രേഡുള്ള വയലിനാണ് സബ് ജില്ലയിലേക്ക് കൊണ്ടുപോകാന്‍ സാധ്യത.ആദ്യം അല്പം വിഷമം തോന്നിയെങ്കിലും പിന്നെ അതൊക്കെ മറന്നു. സബ്ജില്ലാ കലോത്സവത്തിന് ഒരാഴ്ച മുന്‍പ് കുറുപ്പുസാര്‍ പറഞ്ഞു .നീ മ്രുദംഗം പ്രാക്ടീസ് ചെയ്തോ വയലിന്‍ വായിക്കുന്ന കുട്ടി സുഖമില്ലാതെ ആശുപത്രിയിലാണ് . സത്യത്തില്‍ എനിക്കപ്പോള്‍ സബ് ജില്ലയില്‍ ഒരു ഐറ്റം കൂടി അവതരിപ്പിക്കാന്‍ കഴിയും എന്നുള്ള സന്തോഷത്തേക്കാള്‍ തോന്നിയത് ആ‍ കുട്ടിയേകുറിച്ചോര്‍ത്തുള്ള വിഷമം തന്നെ ആയിരുന്നു.

അവസാനം സബ്ജില്ലാ കലോത്സവവും വന്നെത്തി.ഇത്തവണ സബ്ജില്ലാ കലോത്സവം കായംകുളത്തു വെച്ചാണ് .അടൂര്‍ നാരായണന്‍ കുട്ടി സാറിന്റെ അടുത്ത് കഴിഞ്ഞ ഒരാഴ്ച പരിശീലനം നടത്തിയ ആത്മവിശ്വാസം കൂടെ ഉണ്ടെങ്കിലും ഒരു പകരക്കാരനായി എത്തിയ എന്നില്‍ അര്‍പ്പിക്കപ്പെട്ടിരിക്കുന്ന ഉത്തരവാദിത്തങ്ങള്‍ ചുമലില്‍ ഒരു ഭാരമായും മനസ്സില്‍ ഒരല്പം ഭയമായും എന്നേ അസ്വസ്ഥനാക്കിക്കൊണ്ടിരുന്നു.മ്രുദംഗവുമെടുത്ത് വേദിയിലേക്ക് കയറുമ്പോള്‍, മനസ്സില്‍ കവിതയും കഥയും നാടകവും ഒന്നുമില്ല , ഒരല്പം ഭയവും പിന്നെ ഈശ്വരനോടുള്ള പ്രാര്‍തനയും മാത്രം. പിന്നെ എനിക്കൊന്നും ഓര്‍മ്മയില്ല വായിച്ച നടകളോ താളങ്ങളോ ഗമഗമോ ഒന്നും തന്നെ.വായിച്ചു നിര്‍ത്തുമ്പോള്‍ വേദിയില്‍ നിന്നുയര്‍ന്ന കരഘോഷങ്ങളില്‍ എന്നും ഉണ്ടാകാറുള്ള ആവര്‍ത്തന വിരസതയും അന്നുണ്ടായിരുന്നില്ല .അതോ അതു തിരിച്ചറിയാനുള്ള മാനസികാവസ്ഥയിലല്ലായിരുന്നോ എന്തോ .

എന്റെ കഴിവുകളില്‍ എനിക്കുള്ള വിശ്വാസക്കുറവോ അതോ മറ്റു കുട്ടികളില്‍ ഉള്ള അമിത വിശ്വാസമോ , എന്തോ ഞാന്‍ മത്സര ഭലത്തിനു കാത്തു നില്‍ക്കാതെ ഭക്ഷണം കഴിക്കാന്‍ പോയി.കവിതാ രചനയിലും കഥാരചനയിലും സമ്മാനം എനിക്കാണെന്ന് ഉച്ചഭാഷണിയിലൂടെയുള്ള അനവ്ണ്‍സ്മെന്റ് കേട്ടു എങ്കിലും മറ്റെന്തോ ഒരു വിഷമം എന്നെ അലട്ടുന്നുണ്ടായിരുന്നു.തിരിച്ചുവന്നപ്പോള്‍ പിള്ള സാറിന്റെ വിളി .എവിടെ പോയിരുന്നു നീ..ഞങ്ങള്‍ എത്ര നേരമായി നിന്നെ തിരയുന്നു .. എന്താ സാര്‍ എന്തിനായിരുന്നു ഞാന്‍ ചോദിച്ചു. നിനക്കാണെടാ ഉപകരണ സംഗീതത്തില്‍ ഒന്നാം സമ്മാനം , എ ഗ്രേഡും ഉണ്ട്. മറ്റനവദി സമ്മാനങ്ങള്‍ പല വേദികളിലായി ലഭിച്ചിട്ടുണ്ടെങ്കിലും ഒരുപാട് ആത്മസംതൃപ്തി തന്ന ആ സ്ഥാനം ഇന്നും എന്റെ ഓര്‍മ്മകളിലെ മഹത്തായ സമ്മാനമായി സ്ഥാനമായി ഞാന്‍ കാണുന്നു. സ്കൂള്‍ കലോത്സവത്തില്‍ ജഡ്ജായിരുന്ന, എനിക്കു ബി ഗ്രേഡ് തന്ന കുറുപ്പുസാര്‍ മുറുക്കാന്‍ കുത്തിത്തിരുകിയ വായകൊണ്ട് അപ്പോള്‍ പറഞ്ഞ അല്പം നര്‍മ്മം കലര്‍ന്ന അര്‍തസമ്പുഷ്ടമായ വാക്കുകള്‍ ഞാന്‍ ബഹുമാനത്തോടെ സമരിക്കുന്നു ‘മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ട് പോയി’.

Thursday 18 March 2010

മൂന്ന് സംശയങ്ങള്‍
ഞാന്‍ വാക്കുകള്‍ അടുക്കി വാചകങ്ങള്‍ ഉണ്ടാക്കുകയായിരുന്നു.
അപ്പോള്‍ രണ്ടു വാക്കുകള്‍ , പ്രണയവും പ്രളയവും.
പ്രണയത്തിനു മുന്‍പാണോ പ്രളയം വരേണ്ടത് ?
അതോ പ്രണയത്തിനു ശേഷമോ പ്രളയം?


തിരക്കുകള്ക്കിടയില്‍ എന്നെ ഭൂതകാലത്തിലേക്ക് കൊണ്ടുപോയത്-
ഒരു ബാക്ക് സ്പെയ്സോ അതോ അലസമായ ഒരു നിദ്രയോ?

വഴിവക്കിലിരുന്ന ഭ്രാന്തിയുടെ പിറുപിറുപ്പില്‍ ഞാന്‍ കേട്ടത്-
കപടലോകത്തോടുള്ള അമര്‍ഷമോ അതൊ ഇത് എന്റെ വിധി എന്ന നെടുവീര്‍പ്പോ?

Monday 1 March 2010

ബിംബങ്ങള്‍ ഉടഞ്ഞു വീഴുമ്പോള്‍

ഭാ‍രതമെന്നു കേട്ടാല്‍ അഭിമാനപൂരിതമാകണം അന്തരംഗം... കേരളമെന്നുകേട്ടാലോ തിളക്കണം ചോര നമുക്കു ഞരമ്പുകളില്‍... എന്നു ഞങ്ങള്‍ ഉറക്കെ പാടിയത് ഇതു എഴുതിയ കവിയോടുള്ള അമിത ആദരവോ അല്ലെങ്കില്‍ വ്യക്തിപരമായ താല്പര്യങ്ങള്‍ കൊണ്ടോ ആയിരുന്നില്ല.മറിച്ച് ഓരോ കേരളീയനും ഇത് ഏറ്റുപാടിയപ്പോള്‍ ഇവിടെ മുഴങ്ങിയത് ദേശസ്നേഹത്തിന്റെ മാറ്റൊലികളായിരുന്നു.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മാദ്യമങ്ങളിലൂടെ കണ്ടക്ഷോഭം നടത്തുന്ന നടന്മാരും വിമര്‍ശകശിരോമണികളും ഒന്നു തിരിച്ചറിയണം ഞങ്ങള്‍ ഇഷ്ടപ്പെട്ടത് നിന്ങ്ങള്‍അവതരിപ്പിച്ച കഥാപാത്രങ്ങളെയും സത്യസന്ധമായ വിമര്‍ശനങ്ങളേയു മാത്രമാണ്.അപ്പോള്‍ നിങ്ങള്‍ ചോദിക്കാം ഒരു കഥാപാത്രം എന്നത് ഒരു നടന്റെ കഴിവല്ലേ എന്ന്.ആണെന്ന് ഞാന്‍ സമ്മതിക്കാം , പക്ഷേ നടന് അഭിനയിച്ച എല്ലാ കഥാപാത്രങ്ങളും ഒരുപോലെ വിജയിച്ചിരുന്നു എങ്കില്‍.ഇപ്പോള്‍ നമുക്ക് മനസ്സിലാകും ഒരു നടന്റെ മാത്രം കഴിവല്ല മറ്റു പല ഘടകങ്ങളും ഒരു കഥാപാത്രത്തിന്റെ അല്ലെങ്കില്‍ ഒരു സിനിമയുടെ വിജയത്തില്‍ ഒരുപോലെ സ്വാദീനം ചെലുത്തുന്നുണ്ടെന്ന്.അല്ലയോ വിമര്‍ശകാ അങ്ങയുടെ പ്രസംഗങ്ങള്‍ ഞങ്ങള്‍ കേട്ടിരുന്നത് അതില്‍ ഞങ്ങള്‍ അറിയുന്ന സത്യത്തിന്റെ അംശം ഉണ്ടായിരുന്നതുകൊണ്ട് മാത്രമാണ്.അല്ലാതെ വിഗ്ഗ് വെച്ചില്ല എന്നു താങ്കള്‍ അവകാശപ്പെടുന്ന തലയും ചായം തേക്കാത്ത മുഖവും കണ്ടിരിക്കാനുള്ള കൊതികൊണ്ടായിരുന്നില്ല . മറ്റുള്ളവരെ അധിക്ഷേപിക്കാന്‍ മാത്രമായി പത്ര പ്രസ്താവനകള്‍ നടത്തുന്നവര്‍ ഒന്നു തിരിച്ചറിയണം ഇത് സ്വന്തം പല്ലിന്റെ ഇടകുത്തി മറ്റുള്ളവനു മണക്കാന്‍ നീട്ടുന്നതിനു തുല്യമാണു നിങ്ങളുടെ പ്രവര്‍ത്തി.ഒരു വ്യക്തിയെ ആക്ഷേപിക്കാന്‍ പത്ര മാദ്യമങ്ങള്‍ഉപയോഗിക്കുന്നത് നിങ്ങള്‍സമൂഹത്തോട് ചെയ്യുന്ന മാപ്പര്‍ഹിക്കാത്ത കുറ്റ മാണ്. കേരളത്തിലെ ഓരോ വ്യക്തിയും ശത്രുക്കളെ കുറ്റം പറയാന്‍ പത്രമാദ്യമങ്ങളെ ഉപയോഗപ്പെടുത്തുകയാണെങ്കില്‍ ഇന്നുകാണുന്ന മാട്രിമോണിയല്‍ പേജുപോലെ പുതിയതായി ഒന്ന് പത്രാധിപന്മാര്‍ക്ക് ആലോചിക്കാവുന്നതാണ്.ഇത്തരം വാചാടോപങ്ങള് അച്ചടിച്ച് വിടുന്ന സ്നേഹിതരെ , പ്ലീസ് ..ഞങ്ങള്‍ക്ക് താല്പര്യമില്ല ..