Sunday 29 August, 2010

അപൂര്‍ണ്ണമായ ഒരു കാവ്യം.

എന്തിനീ കവിത ഞാനെഴുതി-

എന്റെ ഹൃദയമാം പുസ്തകത്താളില്‍.

വരികള്‍ അപൂര്‍ണ്ണമായെഴുതിനിര്‍ത്തി-

പഴയ ഓര്‍മ്മകള്‍ തിരയുന്ന നേരം,

ആരോ അടര്‍ത്തിയാ കടലാസുതാളിനെ-

ഒരു കളിവഞ്ചിയായി ഒഴുക്കിവിട്ടു.

കണ്ണുകള്‍ നിറഞ്ഞൊഴുകുന്നു മഴയതില്‍-

കടലാസ്സു വഞ്ചിയും നനഞ്ഞുകുതിരുന്നു.

ഇവിടെ മരിക്കുകയാകാം ഒരു കാവ്യം-

അത് പിറവിയെടുക്കുന്നതിന്നു മുന്‍പെ.

എന്നോ എന്തിനോ സ്നേഹിച്ചുപോയി ഞാന്‍-

അപൂര്‍ണ്ണമായ് കുറിച്ചിട്ട ആ വരികളെ.

കാവ്യം കടലാസ്സില്‍ നിന്നടര്‍ന്നുമാറി വര്‍ണ്ണ-

രേഖയായ് പടിഞ്ഞാട്ട് ഒഴുകിനീങ്ങേ,

അറിയാതെ നിറഞ്ഞൊഴുകുന്നെന്‍ കണ്ണുകള്‍-

അത് വ്യര്‍ത്ഥമെന്നറിയാമതെങ്കിലും.

പരിഭവമില്ല പരാതിയില്ല പിന്നെ-

ആരിത് ചെയ്തെന്ന ചോദ്യമില്ല,

സര്‍വ്വേശ്വരാനീ പൊറുത്തീടുകീ തെറ്റ്-

ആരാകിലും അവനുമെന്‍ സോദരന്‍.

Sunday 8 August, 2010

അലീന പറഞ്ഞത് ! ആന്ജല പറയാതിരുന്നത്...



തീവണ്ടിയുടെ ജനാലക്കരികില്‍ തല ചായ്ച്ച് വിദൂരതയിലേക്ക് നോക്കി അവര്‍ ഇരിക്കുകയാണ്.അതില്‍ ഒരാള്‍ പോള്‍ ട്രോട്ടര്‍ ആയിരുന്നു.അയാളുടെ കൂടെ ഉണ്ടായിരുന്നത് ഒരു പെണ്‍കുട്ടിയാണെന്ന് വ്യക്തമായിരുന്നു എങ്കിലും പുറത്തേക്ക് നോക്കിയിരുന്ന അവളുടെ മുഖം കാറ്റില്‍ പറക്കുന്ന ചെമ്പന്‍ മുടികള്‍ മറക്കുകയായിരുന്നു. ഒരു പക്ഷേ അത് അലീനയാകാം അല്ലെങ്കില്‍ ആന്ജലയും അതുമല്ലെങ്കില്‍ ഇവര്‍ രണ്ടുപേരുമല്ലാതെ മൂന്നാമതൊരാള്‍ .

ഇപ്പോള്‍ നിങ്ങള്‍ കരുതുന്നുണ്ടാവും ആരാണ് ഈ മൂന്നുപേരെന്ന് അല്ലേ? അതറിയാന്‍ നമുക്ക് ഈ തീവണ്ടി യാത്ര തുടങ്ങിയിടത്തേക്ക് ഒന്ന് തിരിച്ചു പോകാം.

അലീനയും ആന്ജലയും രണ്ട് വത്യസ്ത ധ്രുവങ്ങളില്‍ ജീവിക്കുന്ന് രണ്ട് പെണ്‍കുട്ടികളാണ്. കോടീശ്വരനായ ഗ്രഹാം കാര്‍ലിന്റെ മകളായിരുന്നു അലീന. സുന്ദരിയും ഉന്നത വിദ്യാഭ്യാസ ധാരിയുമായ അവള്‍ അച്ച്ഛനൊപ്പം ബിസിനസ് കാര്യങ്ങള്‍ നോക്കി നടത്തുന്നു.തനിക്ക് ശരിയെന്ന് തോന്നുന്നത് ആരോടും വെട്ടിത്തുറന്ന് പറയുന്ന പ്രകൃതം. നിങ്ങള്‍ അവളോട് സംസാരിക്കുകയാണെങ്കില്‍ തീര്‍ച്ചയായും സമ്മതിക്കും ‘She is Smart'. പക്ഷേ കര്‍ഷകനായ പീറ്ററിന്റെ മകള്‍ ആന്ജല ഒരു ചിത്രകാരിയാണ്. വീട്ടിലെ ചുറ്റുപാടുകള്‍ മൂലം സ്കൂള്‍ വിദ്യാഭ്യാസം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്ന ആന്ജല കാഴചയില്‍ അലീനയോളം തന്നെ സുന്ദരിയായിരുന്നു. എപ്പോഴും ചിത്രങ്ങളില്‍ മുഴുകിയിരിക്കുന്നതുകൊണ്ടാണോ എന്തോ ആന്ജല പൊതുവില്‍ മിതഭാഷിയായിരുന്നു.ആരോടും എതിര്‍ത്തൊന്നും പറയാത്ത എന്താണ് ചിന്തിക്കുന്നതെന്ന് വ്യക്തമാകാത്ത പ്രകൃതം . അവള്‍ വരക്കുന്ന ചിത്രങ്ങളും അതുപോലെ തന്നെയാണ്. ചിലതരം പ്രത്യേക ചായകൂട്ടുകള്‍ ചേര്‍ത്ത് അവ്യക്തമായ ചില രൂപങ്ങള്‍. അവളുടെ മനസ്സുപോലെതന്നെ വായിച്ചെടുക്കാന്‍ പറ്റാത്തവയായിരുന്നു അവള്‍ വരച്ചിരുന്ന ചിത്രങ്ങളും.

കോളേജ് Lecturer ആയ പോള്‍ ട്രോട്ടര്‍ അവിടെ എത്തുന്നത് ഒരു റിസര്‍ച്ചിന്റെ ഭാഗമായിട്ടാണ്. Entrepreneurs നായുള്ള ഒരു വര്‍ക്ക് ഷോപ്പില്‍ സ്പീക്കറായി എത്തിയപ്പോഴാണ് പോളിനെ അലീന പരിചയപ്പെടുന്നത്. ബിസ്സിനസ് മാനേജ്മെന്റില്‍ പോളിന്റെ ആഴത്തിലുള്ള അറിവും സംഭാഷണരീതിയുമാകാം അലീനക്കെന്തോ പോളിനെ ഒരുപാട് ഇഷ്ടമായി.

പോള്‍ ആന്ജലയെ കണ്ടുമുട്ടിയത് ഒരു ചിത്ര പ്രദര്‍ശന സ്റ്റാളില്‍ വെച്ചായിരുന്നു.അധികമാരും ശ്രദ്ധിക്കാത്ത ഒരുകൂട്ടം ചിത്രങ്ങള്‍ക്ക് നടുവില്‍ നിശബ്ദയായിരുന്ന ആന്ജലയെ കണ്ടപ്പോള്‍ പോള്‍ അവിടേക്ക് നടന്നുവന്നു. അല്പസമയം ആചിത്രങ്ങളില്‍ നിന്ന് കണ്ണെടുക്കാതെ നോക്കിനിന്ന പോള്‍ പിന്നെ മുഖം തിരിച്ച് ആന്ജലയെ ശ്രദ്ധിച്ചു.പോളിനെ മുഖമുയര്‍ത്തി ഒന്ന് നോക്കിയെങ്കില്‍ കൂടി അവളുടെ ഭാവത്തിന് ഒരു മാറ്റവും സംഭവിച്ചില്ല. അല്പസമയം കൂടി ആചിത്രങ്ങളെയും ചിത്രകാരിയെയും നോക്കിനിന്ന പോള്‍ അവളോട് പലതും ചോദിച്ചു എങ്കിലും എല്ലാ ഉത്തരങ്ങളും അതെ , അല്ല എന്നീ രണ്ട് വാക്കുകളില്‍ ഒതുക്കാന്‍ അവള്‍ പരമാവധി ശ്രമിക്കുന്നുണ്ടായിരുന്നു. വീണ്ടും പലപ്പോഴും പോള്‍ ആ സ്റ്റാള്‍ സന്ദര്‍ശിച്ചു എങ്കിലും പിന്നീട് വരുമ്പോള്‍ ആന്ജല അയാളോട് പരിചയഭാവം കാണിച്ചില്ല. പക്ഷേ ഒന്നുമാത്രം അയാള്‍ ശ്രദ്ധിച്ചു ഓരോ ദിവസവും അയാള്‍ വരുമ്പോള്‍ ഓരോ പുതിയ ചിത്രങ്ങള്‍ അവിടെ അയാളെ കാത്തിരിക്കുന്നുണ്ടായിരുന്നു. മറ്റുചിത്രങ്ങളില്‍ നിന്ന് എന്തോ വ്യത്യസ്തത തോന്നിക്കുന്ന കുറേ ചിത്രങ്ങള്‍.

അലീന പിന്നെയും പലപ്പോഴും പോളിനെ കാണുവാന്‍ വന്നിരുന്നു. ടാക്സ് ലോസും മാര്‍ക്കറ്റിംഗ് സ്ട്രാറ്റജീസും കത്തിക്കയറിയ അവരുടെ സംഭാഷണങ്ങള്‍ക്കിടയില്‍ എന്നോ അവള്‍ പോളിനോടുള്ള ഇഷ്ടം അയാളെ അറിയിച്ചു.

ഇന്ന് റിസര്‍ച്ച് കഴിഞ്ഞ് പോള്‍ നാട്ടിലേക്ക് തിരിച്ച് പോകുകയാണ് , ഒപ്പം മാഞ്ചസ്റ്റര്‍ നല്‍കിയ ഒരു സമ്മാനവും കൂടെ കൊണ്ടുപോകുന്നു. ഇനി നിങ്ങള്‍ പറയൂ ആരാണാപെണ്‍കുട്ടി ? തീവണ്ടിയില്‍ പോളിനൊപ്പം ഉള്ള ചെമ്പന്‍ മുടികള്‍ മറച്ച ആ മുഖം!

അതാ തീവണ്ടി അതിന്റെ Destinationല്‍ എത്തിക്കഴിഞ്ഞിരിക്കുന്നു. സ്റ്റേഷനിലെ നിയോണ്‍ വിളക്കുകളുടെ പ്രഭയില്‍ പോളിന്റെ ഒപ്പം ഉണ്ടായിരുന്ന പെണ്‍കുട്ടിയുടെ മുഖം ഇപ്പോള്‍ വ്യതമായിക്കാണാം . ഇപ്പോള്‍ അവളുടെ ചെമ്പന്‍ മുടിയിഴകള്‍ ആ മുഖം മറക്കുന്നില്ല. അത് മറ്റാരുമായിരുന്നില്ല ആന്ജല ആയിരുന്നു.


ഇഷ്ടം തുറന്നു പറഞ്ഞ പെണ്‍കുട്ടിയെ വിട്ട് , ഒരിക്കല്‍ പോലും തന്റെ ഇഷ്ടം അയാളോട് പറയാതിരുന്ന ഒരുവളെ കൂട്ടി തിരിച്ചെത്തിയ നായകന്‍.ഇത് യുക്തിക്ക് നിരക്കാത്തതാണെന്ന് നിങ്ങള്‍ പറയുമായിരിക്കാം . ക്ഷമിക്കണം പക്ഷേ അത് എന്റെ തെറ്റല്ല , ഞാന്‍ പറഞ്ഞിരുന്നു എന്നും പോള്‍ സ്ന്ദര്‍ശിക്കുമ്പോള്‍ അയാളെ കാത്തിരുന്ന വ്യത്യസ്തമായ ചിത്രങ്ങളെ കുറിച്ച് . മറ്റുള്ളവരെ പോലെ നിങ്ങള്‍ക്കും അത് മനസ്സിലാക്കുവാന്‍ കഴിഞ്ഞില്ല. പക്ഷേ ആരും മനസ്സിലാക്കാത്ത ആ ചിത്രങ്ങളിലൂടെ പോള്‍ വായിച്ചെടുക്കുകയായിരുന്നു ആന്ജലയുടെ മനസ്സും അവനോടുള്ള ഇഷ്ടവും. പിന്നീട് എപ്പൊഴോ പോളിനോടുള്ള ഇഷ്ടം അലീന തുറന്ന് പറഞ്ഞപ്പോള്‍ പോള്‍ അവളെ പറഞ്ഞ് മനസ്സിലാക്കിയിരിക്കാം “ ആന്ജല പറയാതിരുന്നത് “ എന്തോ അത്!