സുബ്ബലക്ഷ്മിയുടെ കീര്‍ത്തനം കേട്ടാണ് ഉണര്‍ന്നത്. പതിവില്ലാതെ ഇത് എവിടെനിന്നു വരുന്നു എന്നു നോക്കുമ്പൊഴാണ് സംഗതി മനസ്സിലാകുന്നത് സുബ്ബലക്ഷ്മിയേക്കൊണ്ട് പാടിപ്പിക്കുന്നതു മറ്റാരുമല്ല എന്റെ മൊബീല്‍ തന്നെ. ഇന്നലെ രാത്രി കക്ഷിയേ ഏല്‍പ്പിച്ച പണി പുള്ളി കൃത്യമായി ചെയ്യുന്നു .അത്ര തന്നെ. കീശയില്‍ നിന്നു മൊബീലനെ എടുത്തു ക്രൂരമായി ഒരു ഞെക്കു കൊടുത്ത് അലാറം നിശബ്ദമാക്കി.അലാറം നിന്നപ്പോള്‍ ഞാന്‍ ഒന്നും അറിഞില്ലേ , എന്ന ഭാവത്തില്‍ ഡിസ്പ്ലെ ലൈറ്റ് ഓഫ് ചെയ്ത് പുള്ളി ചുരുണ്ടുകൂടി. സ്വയം കീഴടങ്ങിയവ്നെ ഉപദ്രവിക്കുന്നത് വീരന്മാര്‍ക്കു ചേര്‍ന്ന പണീയല്ലല്ലൊ .അതുകൊണ്ടു തന്നെ ഞാനും അവനെ ഒന്നും ചെയ്തില്ല.അതിന്റെ സ്ക്രീന്‍ പിടിച്ചു ഭിത്തിയില്‍ ഒരു തേപ്പു വെച്ചുകൊടുക്കാന്‍ തോന്നി എങ്കില്‍ കൂടിയും. ഇപ്പോഴാണു ശ്രദ്ദിക്കുന്നതു കട്ടിലിനൊരു വളവു പോലെ .ഒന്നു കൂടി ശ്രദ്ദിച്ചപ്പൊഴാണു കട്ടിലല്ല ബസ്സിനുള്ളിലാണുള്ള്തെന്നു മനസ്സിലാകുന്നത്. ജയനഗറില്‍ നിന്നു ഇന്നലെ സന്ധ്യക്കു തിരിച്ചതാണ്. യാത്രയുടെ ഉദ്ദേശം കൊലൂര്‍,ഉടുപ്പി,കുടചാദ്രി തുടങ്ങീ കുറച്ചു പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കണം.ഈ പുതുവര്‍ഷം ആരഭിക്കുന്നത് ഈ യാത്രയോടുകൂടിയാകട്ടെ എന്നു കരുതി. രാവിലെ 6.45 ഓടെ ബസ് ഉടുപ്പിയില്‍ എത്തി . അവിടെ K.S.R.T.C സ്റ്റാന്റില്‍ അന്വേഷിച്ചപ്പോള്‍ കൊല്ലൂരേക്ക് ഉടന്‍ ബസ്സ് ഇല്ല എന്ന മറുപടി ലഭിച്ചു. ഉടന്‍ തന്നെ സ്റ്റാന്റിനോട് വിടപറയാന്‍ തുടങ്ങുകയായിരുന്ന ബല്‍ഗാം ബസ്സില്‍ ഒരു സീറ്റ് തരപ്പെടുത്തി. കുന്താപുര ആയിരുന്നു ആ ബസ്സില്‍ കയറുമ്പോഴുള്ള ലക്ഷ്യം . അവിടെ നിന്നും കൊല്ലൂരേക്ക് എപ്പോഴും പ്രൈവറ്റ് ബസ് സര്‍വീസ് ഉണ്ട്. ഉടുപ്പിയില്‍ നിന്നു കുന്താപുരയിലേക്കു പോയപ്പൊള്‍ കണ്ട സ്തലപ്പേരുകള്‍ എന്നേ കുറച്ചൊന്നുമല്ല അത്ഭുതപ്പെടുത്തിയത്. ആ പേരുകള്‍ക്ക് എന്തൊ ..ഒരു പ്രത്യേകത പോലെ. ആ പേരുകള്‍ എല്ലാം ഇപ്പൊള്‍ ഓര്‍മ്മയില്‍ വരുന്നില്ല എങ്കിലും ഒന്നു മാത്രം ഓര്‍മ്മയില്‍ നില്‍ക്കുന്നു ‘സാലഗ്രാമം’.കുന്താപുരയില്‍ ബസ് ഇറങ്ങുമ്പോള്‍ തന്നെ ഒന്നു രണ്ട് പ്രൈവറ്റ് ബസുകള്‍ അവിടെ പാര്‍ക്കുചെയ്തിരിക്കുന്നതു കണ്ടു.അത് കൊല്ലൂരേക്കുള്ളവ തന്നെ ആയിരുന്നു.എന്റെ പ്രതീക്ഷക്കു വിപരീതമായിരുന്നു ബസ്സിനുള്ളിലെ യാത്രക്കാരുടെ എണ്ണം .ആകെ ആ ബസ്സില്‍ ഉള്ളതു 6 യാത്രക്കാര്‍ മാത്രം.ബസ് നീങ്ങി അല്പം കഴിഞ്ഞപ്പോഴാണു കാര്യം മനസ്സിലായത് .ബസ് പോകുന്നതു ജനസാന്ദ്രത നന്നേകുറവുള്ള പ്രദേശങ്ങളിലൂടെയാണ്.ആകെയുള്ള ചില സ്കൂളുകളിലെ അദ്യാപകരും വിദ്യാര്‍ഥികളുമാണ് യാത്രക്കാരായി ഉള്ളത്.ഏകദേശം 9.30ഓടെ ബസ് കൊല്ലൂരെത്തി.ബസില്‍ നിന്നിറങ്ങി അല്പം നടന്നപ്പോള്‍ ഒരു ലോഡ്ജ് കണ്ടു ‘Kairali Lodge' . ഒരു മുറിയെടെത്തു അല്പസമയം വിശ്രമിച്ചു പിന്നെ ഒരു കുളിയും .ഇനി മൂകാംബികയേ ദര്‍ശിക്കാന്‍ പോവുകയാണ് . ഈ യാത്രയുടെ പ്രദാന ലകഷ്യങ്ങളിലൊന്ന് . ലോഡ്ജില്‍ നിന്നും 200 മീറ്റര്‍ മാത്രം അകലെയാണ് ക്ഷേത്രം. ഏകദേശം ഉച്ച സമയം ആയതിനാല്‍ തിരക്കിനു നല്ല കുറവുണ്ടായിരുന്നു .ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് പുറത്തേക്കിറങ്ങുമ്പോള്‍ എന്റെ മനസ്സ് പതിവിലും ശാന്തമായിരുന്നു.ഈ ഏകന്തമായ തീര്‍ത്ഥയാത്രക്കു ഞാന്‍ പോലുമറിയാത്ത പല ലകഷ്യങ്ങളും ഉണ്ടായിരുന്നിരിക്കാം.അമ്മേ ..എല്ലാം നീ അറിയുന്നു...നീ മാത്രം.. അല്ലെങ്കില്‍ വ്യാഴാഴ്ച്ച പെട്ടെന്ന് ഒരു തോന്നലുണ്ടാകുന്നു നാളെ ഒരു യാത്ര പോകണമെന്ന് . ഉടന്‍ തന്നെ IT എഞ്ചിനീയര്‍മാരുടെ ആശ്രയമായ REDBUS ല്‍ കയറി നോക്കി.ഉടുപ്പിയിലേക്ക് നാളെ ഒഴിവുള്ളത് ഒരേ ഒരു സീറ്റുമാത്രം , തിരിച്ചും അങ്ങനെ തന്നെ ആയത് എന്തോ എനിക്ക് അവിശ്വസനീയമായ ഒരു നിമിത്ത മായിരുന്നു.യാത്ര തുടങ്ങിയതു മുതല്‍ -എനിക്കായ് കാത്തു വെച്ച ആ ഒരു സീറ്റും ,ഉടുപ്പിയില്‍ കാത്തുനിന്ന ബല്‍ഗാം ബസ്സും ,കുന്താപുരയില്‍ ഉന്‍ണ്ടായിരുന്ന ആ പ്രൈവറ്റ് ബസും പിന്നെ ആ അത്യപൂര്‍വ ദര്‍ശനവും ആ ദിവ്യ തേജസ്സിന്റെ അനുഗ്രഹമായി ഞാന്‍ വിശ്വസിക്കുന്നു.ക്ഷേത്ര ദര്‍ശനം കഴിഞ്ഞു , ഇനി ലക്ഷ്യം കുടചാദ്രിയാണ് .മഹാനായ ശ്രീ ശങ്കരാചാര്യര്‍ തപസ്സുചെയ്ത് ജ്ഞാനദീക്ഷ നേടിയതിവിടെയാണ് .ക്ഷേത്രത്തിന്റെ മുന്നിലുള്ള പോലീസ് സ്റ്റേഷന്റെ പരിസരത്തുനിന്നാണ് കുടചാദ്രിയിലേക്കുള്ള ജീപ്പുകള്‍ പുറപ്പെടുന്നത്.ഇവിടെനിന്നും 40 കിലോമീറ്ററുകളാണ് മലമ്പാതയിലൂടെ സഞ്ചരിക്കാനുള്ളത്. ക്ഷേത്രത്തില്‍ നിന്നു പുറത്തു വന്നപ്പോള്‍ ഒന്നു രണ്ട് ജീപ്പുകള്‍ അവിടെ പാര്‍ക്കു ചെയ്യുന്നുണ്ടായിരുന്നു. 8 പേരേയും കൊണ്ടാണു ഒരു ജീപ്പ് യാത്രയാകുന്നത് .വീണ്ടും മുന്‍പു ഞാന്‍ പറഞ്ഞ നിമിത്തമാകാം ആജീപ്പിലുണ്ടായിരുന്ന 7 പേര്‍ ഒരു 8ആമന്റെ വരവു കാത്തിരിക്കുകയായിരുന്നു എന്നത്.ആ ജീപ്പില്‍ ഉണ്ടായിരുന്ന മറ്റ് 5 പേര്‍ മലയാളികളായിരുന്നു.ഞങ്ങള്‍ 6 പേരും സുഹ്രുത്തുക്കളാകാന്‍ അധിക സമയം വേണ്ടിവന്നില്ല. വളരെ ദുര്‍ഘടമായ വഴികളായിരുന്നു എങ്കിലും ‘ലക്‌ഷ്യം മാര്‍ഗ്ഗത്തെ സാധൂകരിക്കുമെന്നുള്ള ‘ വിശ്വാസമാകാം ആ യാത്രയില്‍ ഒരിക്കല്പോലും തളര്‍ച്ച അനുഭവപ്പെടാതിരിക്കാനുള്ള പ്രധാന കാരണം.
ദുര്‍ഘടമായ വഴികളായിരുന്നു എങ്കിലും മനോഹരമായ കാഴ്ചകളാണ് പ്രകൃതി വഴിയുടെ ഇരുവശവും ഒരുക്കിയിരുന്നത്. കുടചാദ്രികയറുമ്പോള്‍ ആരും ക്ഷീണിക്കാറില്ല .അതിനു പ്രദാന കാരണം അവിടുത്തെ വായുവിന്റെ പ്രത്യേകതയാണ്.ഓക്സിജന്റെ അധിക സാന്നിദ്യം ഓരോ ശ്വാസത്തിലും അനുഭവേദ്യമാണ്.ഉച്ചസമയമായതിനാല്‍ കുടചാദ്രിയേ കൊടമഞ്ഞു വന്നു പൊതിയുന്നതു കാണുവാന്‍ സാധിച്ചില്ല. ജീപ്പില്‍ കൂടെ ഉണ്ടായിരുന്ന സുഹൃത്തുക്കള്‍ എല്ലാം തന്നെ നല്ല ഗായകരും അനുകരണകലയില്‍ വിദഗ്ധരുമായിരുന്നതിനാല്‍ യാത്ര കൂടുതല്‍ രസകരമായിരുന്നു. സൌപര്‍ണിക നദിയുടെ ഉത്ഭവസ്താനവും കുടചാദ്രിയാണ്.
അങ്ങനെ 40 കിലോമീറ്ററുകള്‍ താണ്ടി ജീപ്പുകള്‍ പാര്‍ക്കുചെയ്യുന്നിടത്തെത്തി.ഇനി ഇവിടെനിന്നും കാല്‍നടയായിവേണം ശങ്കരപീടത്തിലേക്ക് പോകുവാന്‍.തിരിച്ചു വരുമ്പോഴേക്ക് ഭക്ഷണം ശരിയാക്കാന്‍ അവിടെ ആകെയുള്ള ഒരു പീടികയില്‍ പറഞ്ഞിട്ട് ഞങ്ങള്‍ മുകളിലേക്ക് യാത്രയായി. പിന്നെ അങ്ങൊട്ടുള്ള ഓരോകാലവെയ്പ്പും ആത്മനിര്‍വ്രിതിയിലേക്കുള്ള ചവിട്ടുപടികളായിരുന്നു.അതെ ആദിശങ്കരന്‍ പോയ വഴികള്‍ ..ജ്ഞാനസ്വരൂപിണിയായ അംബിക ശങ്കരനു ദര്‍ശനമേകിയ പുണ്യസ്ഥലം. ഇവിടുത്തെ ഓരോ മണ്‍ തരിയിലും ചരിത്രമുറങ്ങുന്നു. ഓരോ കല്ലിലും വിശ്വാസങ്ങളും.
അല്പസമയത്തെ മലകയറ്റത്തിനൊടുവില്‍ ഒരു തപസ്സിന്റെ ഭലദീപ്തിപോല്‍ അങ്ങുദൂരെ ശങ്കരപീടം കാണുമാറായി . ഇവിടെയാണു ആദി ശങ്കരന്‍ തപസ്സു ചെയ്തത് .ആധിശങ്കരനു ജ്ഞാന ദീക്ഷ കിട്ടിയതും .മൂകാംബിക ക്ഷേത്രത്തിന്റെ ഉത്ഭവത്തിനു ചരിത്രം പറയുന്ന കഥ ഇങ്ങനെ. ആദിശങ്കരന്‍ തപസ്സുചെയ്ത് ദേവിയേ പ്രസാദിപ്പിച്ചു. കാലടിയിലേക്കു വരണം എന്നു ദേവിയോട് ശങ്കരന്‍ അപേക്ഷിച്ചു.മുന്നില്‍ നടന്നുകൊള്ളുക ഞാന്‍ പിന്നാലെ ഉണ്ടാകും പക്ഷേ നീ തിരിഞ്ഞു നോക്കാന്‍ പാടില്ല എന്ന് ദേവി ശങ്കരനോട് പറഞ്ഞു. ഇതു സമ്മതിച്ചു ശങ്കരന്‍ നടന്നു. ശങ്കരനെ പരീക്ഷിക്കാന്‍ ദേവി ചിലമ്പിന്റെ ശബ്ദം അല്പസമയത്തേക്ക് നിര്‍ത്തി. ചിലമ്പിന്റെ ശബ്ദം നിലച്ചപ്പോള്‍ ശങ്കരന്‍ ശ്ങ്കിച്ചു തിരിഞ്ഞുനോക്കി.അപ്പോള്‍ ദേവി പറഞ്ഞു നീ വാക്കു തെറ്റിച്ചിരിക്കുന്നു , ഞാന്‍ ഇനി ഇവിടെ ഇരിക്കാന്‍ പോകുകയാണ്. അവിടെ നിന്നുള്ള ഭക്തരും എന്നെ ഇവിടെ വന്നു കണ്ടുകൊള്‍ക. ഇവിടെയാണു ആദിശങ്കരന്‍ തപസുചെയ്തത്.(ശങ്കരപീടം) ഇവിടെ ഇരിക്കുമ്പോള്‍ മനസ്സിനും ശരീരത്തിനും എന്തെന്നില്ലാത്ത ഉന്മേഷം തോന്നുന്നു.ഇവിടെ വീശുന്ന കാറ്റിനു കര്‍പ്പൂരത്തിന്റെ മണമാണ് , ഇവിടുത്തെ കുന്നുകളില്‍ പ്രതിദ്വനിക്കുന്നതും ശങ്കരന്‍ എന്നോ ചൊല്ലിയ ഓംകാര മന്ത്രങ്ങളാണ്. അനിവാര്യമായ ഒരു മടക്കയാത്രയേ പഴിച്ചുകൊണ്ട് ഇനിയൊരു മലയിറക്കം.ഈ യാത്രയില്‍ കണ്ടുമുട്ടിയ കുറച്ച് മലയാളി സുഹൃത്തുക്കളുടെ ചിത്രം ചുവടെ ചേര്‍ക്കുന്നു. പീടികയില്‍ നിന്നു ഭക്ഷണവും കഴിച്ച് ഒരു മടക്കയാത്ര. മുറിയില്‍ തിരിച്ചെത്തി അല്പസമയം വിശ്രമിച്ചു .പിന്നെ വീണ്ടും ക്ഷേത്രത്തിലേക്ക്.ഇപ്പോള്‍ ക്ഷേത്രാങ്കണം ഭക്തരേക്കൊണ്ട് നിറഞ്ഞിരിക്കുന്നു.ദീപാരാധനയാണ്.എല്ലാം കഴിഞ്ഞ് നിറഞ്ഞ മനസ്സുമായി നിദ്രയിലേക്ക്.കാലത്തു തന്നെ കൊല്ലൂരിനോട് യാത്ര പറഞ്ഞ് വീണ്ടും ഉടുപ്പിയിലേക്ക്.ഉടുപ്പി ശ്രീകൃഷ്ണ ക്ഷേത്രം ചരിത്ര പ്രധാനമായ ഒരു ആരാധനാലയമാണു. ഇതു സ്താപിതമായത് 13ആം നൂറ്റാണ്ടിലാണെന്ന് പറയപ്പെടുന്നു.
ഉടുപ്പി ക്ഷേത്രത്തിനു മറ്റൊരു പ്രത്യേകതകൂടിയുണ്ട്.മറ്റു ക്ഷേത്രങ്ങളില്‍ നിന്നു വ്യത്യസ്തമായി ഒരു ജനാലയിലൂടെ വേണം വിഗ്രഹം കണ്ട് തൊഴുവാന്‍.ഇതിനു പിന്നിലെ ഐതിഹ്യം ഇങ്ങനെ .വളരെകാലം മുന്‍പ് കനകദാസന്‍ എന്നൊരു ദളിത ഭക്തനു ക്ഷേത്രത്തില്‍ പ്രവേശനമുണ്ടായിരുന്നില്ല .അദ്ദേഹം ശ്രീകൃഷ്ണനെ പ്രാര്‍ത്ഥിച്ചിരുന്നത് ക്ഷേത്രത്തിന്റെ പിന്നിലേ ഒരു ജനാലയിലൂടെ ആയിരുന്നു.അദ്ദേഹത്തിന്റെ ഭക്തിയില്‍ സന്തോഷവാനായ ഭഗവാന്‍ തിരിഞ്ഞ് ജനാലയുടെ നേരെ ഇരുന്നു എന്നാണ് വിശ്വാസം. ദര്‍ശനം കഴിഞ്ഞ് അല്പസമയം ലോഡ്ജില്‍ വിശ്രമിച്ചു .പിന്നെ അസ്തമനം കാണാന്‍ മാല്പെ ബീച്ചിലേക്ക്. ഈ അസ്തമനത്തോടെ ഈ യാത്ര ഇവിടെ പൂര്‍ണ്ണമാകുകയാണ് .ഒരു നല്ല തുടക്കത്തിന്റെ ആത്മവിശ്വാസത്തൊടെ ഒരു നല്ല വര്‍ഷം മനസ്സില്‍ കണ്ട് ഒരു മടക്കയാത്ര.... ബാംഗ്ലൂരിലേക്ക്...
4 comments:
പോയ വഴികള്‍ വളരെ മനോഹരമായി തന്നെ കാണിച്ചു തരുന്ന പോസ്റ്റ്..ചിത്രങ്ങളും മനോഹരം..
ഫോട്ടോസ് നന്നായിട്ടുണ്ട്...എഴുത്ത് കുറച്ചു കൂടി വിപുലമാക്കാമായിരുന്നു..
ഒറ്റക്കുള്ള യാത്രയുടെ സുഖം ഒന്ന് വേറെ തന്നെയാ..!!!
നല്ലൊരു യാത്രയുടെ ഭാഗമാകാന്‍ കഴിഞ്ഞതു പോലെ. നല്ല വിവരണവും ചിത്രങ്ങളും മാഷേ. (പാരഗ്രാഫ് തിരിച്ചെഴുതിയിരുന്നെങ്കില്‍ കുറേക്കൂടെ നന്നാകുമായിരുന്നു എന്ന് തോന്നുന്നു)
എങ്കിലും എല്ലായിടത്തും ഓരോ സീറ്റുകള്‍ ബാക്കി വന്നത് ഒരതിശയം തന്നെ :)
മൂകാംബികാ ക്ഷേത്രത്തില്‍ പോകാന്‍ ഒരു തവണ കഴിഞ്ഞിട്ടുണ്ട്-നല്ല വിവരണവും മനോഹരമായ ചിത്രങ്ങളും.
കര്‍പ്പൂരമണമുള്ള കാറ്റും,ഓംകാരം പ്രതിധ്വനിക്കുന്ന മലകളും....വായിച്ചപ്പോള്‍ പോകണമെന്നു തോന്നി.
Post a Comment