ഇത് മൂന്നാം നൂറ്റാണ്ട് ‘റോം’ .ഇവിടം ഭരിക്കുന്നത് ക്ലൌടിയാസ് ചക്രവര്‍ത്തിയാണ് .ഞാനോ ഒരു പാവം പുരോഹിതന്‍ .സ്നേഹിക്കുന്നവരെ ഒന്നിപ്പിക്കലാണ് അല്ലെങ്കില്‍ ആ വിവാഹത്തിന്റെ കാര്‍മ്മികത്വം വഹിക്കലായിരുന്നു എന്റെ ജോലി.സൈന്യത്തില്‍ ചേരുന്നതിനു യുവാക്കള്‍ വിമുഖത കാട്ടിയപ്പോള്‍ ക്ലൌടിയാസ് കണ്ട ഉപായം വിവാഹങ്ങള്‍ രാജ്യത്ത് നിരോധിക്കുക എന്നതായിരുന്നു .ആ ക്രൂരമായ നടപിടിയോട് യോജിക്കുവാന്‍ എനിക്കായില്ല.രാജകല്പനയെ അവഗണിച്ച് ഞാന്‍ വീണ്ടും സ്നേഹിക്കുന്നവരെ ഒന്നിപ്പിച്ചു.അതിനുള്ള ശിക്ഷയാണ് ഞാന്‍ ഇന്ന് ഏറ്റുവാങ്ങേണ്ട ഈ മരണം .ഈ കല്‍തുറങ്കിനുചുറ്റും പുഷ്പങ്ങളാണ് .സ്നേഹിച്ചവരും സ്നേഹിക്കപ്പെട്ടവരും എനിക്കു നല്‍കിയ സമ്മാനം . പിന്നെ ഈ കല്‍തുറങ്കിനു മുന്‍പില്‍ എപ്പോഴും കാത്തിരിക്കുന്ന എന്നോട് കഥകള്‍ പറയുന്ന എന്നെ ആശ്വസിപ്പിക്കുന്ന ഒരു പെണ്‍കുട്ടിയുണ്ട് .അത് ഈ ജയില്‍ വാര്‍ഡന്റെ മകളാണെന്നകാര്യം കേള്‍ക്കുമ്പോള്‍ ഒരുപക്ഷെ നിങ്ങള്‍ അത്ഭുതപെട്ടേക്കാം.ഇനി കുറച്ചു നിമിഷങ്ങള്‍ മാത്രം ബാക്കി.എങ്കിലും അവള്‍ കാത്തിരിക്കുകയാണോ?
ഇനിയുമെന്‍ സ്വപ്നത്തിന്‍ തിരികള്‍ തെളിക്കുവാന്‍ -
എന്തിന്നു നീ വന്നു കൂട്ടുകാരീ.
നിമിഷങ്ങള്‍ മാത്രം ബാക്കിയാകുന്നൊരാ-
ഹൃദയത്തിന്‍ സ്പന്ദനം തേടി-
എന്തിന്നു എന്തിന്നു കാത്തിരിക്കുന്നു നീ-
ഇമയനക്കാതെ എനിക്കായ്.
ഇന്നെന്റെ മൌനം നിത്യമായ് തീരും,
ഇന്നുഞാന്‍ എന്റെയീ രൂപം വെടിയും.
കാത്തിരിപ്പിന്റെ ഒടുവില്‍ നിന്‍ സ്വപ്നങ്ങള്‍ -
വെറും ചീട്ടുകള്‍ മാത്രമായിടും സ്നേഹിതേ.
ഇന്നു ഞാന്‍ ഉള്ളതീ തടവിലാണെങ്കിലും-
നീ വന്നു വിതറിയാ പൂക്കളാം മെത്തയില്‍-
കാത്തുകിടക്കുന്നു മരണത്തിന്‍ കാലൊച്ച-
ഓര്‍ത്തുകൊണ്ടുനിന്‍ പ്രണയത്തിന്‍ ആഴത്തെ.
കാല്‍പ്പെരുമാറ്റം കേള്‍ക്കുന്നു എവിടെയോ-
അരുത് കരയരുതെന്നെക്കുറിച്ചോര്‍ത്ത്.
സ്വീകരിക്കുകീ ഓര്‍മ്മക്കുറിപ്പിന്ന്-
സ്നേഹപൂര്‍വ്വം, നിന്‍ പ്രിയ വാലന്റയിന്‍.
[ ആഘോഷങ്ങള്‍ അനുകരിക്കാം ,പക്ഷേ നമ്മുടെ നാടിന്റെ സംസ്കാരത്തിനും ആചാരങ്ങള്‍ക്കും ക്ഷതമേല്‍പ്പിക്കുന്ന ഏതൊരു പ്രവര്‍ത്തിയും ഏതൊരു ആഘോഷവും ദയവായി ഒഴിവാക്കുവാന്‍ അപേക്ഷിക്കുന്നു.]