Monday, 6 September 2010

മഴ


മഴ എനിക്ക് ഒരു മധുരമുള്ള ഓര്‍മ്മയാണ് . കുട്ടിക്കാലത്ത് സ്കൂള്‍ വിട്ടു വന്ന് ചെറിയച്ഛന്റെ വീട്ടിന്റെ ഉമ്മറത്ത് സ്കൂളില്‍ നിന്നു മടങ്ങി വരുന്ന അദ്യാപകരായ അച്ഛനേയും അമ്മയേയും കാത്ത് അനന്തതയിലേക്ക് നീണ്ടുകിടക്കുന്ന ഇടവഴികള്‍ നോക്കി നിന്ന് മടുക്കുമ്പോള്‍ ഒരു നനുത്തകാറ്റായി ഒരു സാന്ത്വനമായി പെയ്തിറങ്ങിയ തുലാവര്‍ഷമാവാം എന്റെ ഓര്‍മ്മയിലെ മഴ. ഓരോ മഴയത്തും ചെറിയച്ഛന്റെ വീടിനു പിറകിലുള്ള നാട്ടുമാവില്‍ നിന്നടര്‍ന്നുവീണ മാമ്പഴങ്ങളുടെ മധുരമുണ്ടായിരുന്നു എന്റെ ഓര്‍മ്മയിലെ മഴക്ക്.നീണ്ട കാത്തുനില്പിനിടയില്‍ അറിയാതെകണ്ണുകള്‍ നിറയുമ്പോള്‍ നീയും എന്നോടൊപ്പം കരഞ്ഞു.നിന്റെ കണ്ണുനീര്‍ പായല്‍ പിടിച്ച ഓടിന്റെ വക്കുകളിലൂടെ ധാരയായി ഒഴുകുന്നത് എത്രയെത്ര ദിവസങ്ങളില്‍ ഞാന്‍ നോക്കിനിന്നു. പിന്നീട് അമ്മയുടെ കുടക്കീഴില്‍ സാരിത്തുമ്പ് പിടിച്ച് ഞാന്‍ നടന്നുപോയപ്പോഴും നീ കരയുകയായിരുന്നു.കുടത്തുമ്പിലൂടെ ഊര്‍ന്നുവീണ നിന്റെ കണ്ണുനീര്‍ത്തുള്ളികള്‍ എന്റെ കുഞ്ഞുടുപ്പിന്റെ കയ്കള്‍ നനച്ചത് വ്യക്തമായി ഇന്നും ഞാന്‍ ഓര്‍ക്കുന്നു. എന്തിനായിരിക്കാം നീ അന്ന് കരഞ്ഞത്. എന്റെ ദുഖങ്ങള്‍ നീ ഏറ്റെടുക്കുകയായിരുന്നോ..

ഇന്ന് ഞാന്‍ അവര്‍ക്കായി കാത്തു നില്‍ക്കാറില്ല. തിരക്കുപിടിച്ച ജോലികള്‍ വിട്ട് ഒരു അവധിക്കാലത്തിനായി മകന്‍ എത്തുന്നതും കാത്ത് ഇന്ന് അവര്‍ ഉമ്മറത്ത് കാത്ത് നില്‍ക്കാറുണ്ടായിരിക്കാം. കാത്തിരിരുന്ന് മടുക്കുമ്പോള്‍ ആ കണ്ണുകള്‍ നനയുന്നുണ്ടാവാം. ഒരു സാന്ത്വനമായി ആ മഴ ഇപ്പോഴും പെയ്യുകയായിരിക്കാം...