Monday, 12 April 2010

ആദിശങ്കരന്‍ പോയ വഴികളിലൂടെ (കാഞ്ചീപുരം)



ഇത് ഒരു അന്വേഷണമാണ് , സര്‍വ്വജ്ഞപീടം കയറുമ്പോഴും മഹാനായ ശങ്കരാചാര്യരെ അലട്ടിയിരുന്ന ആ ഒരു ചോദ്യം ‘ഞാന്‍ ആര്’ ,അതാവാം നമ്മുടെ സംസ്കാരങ്ങളും പൈതൃകവും ഉറങ്ങുന്ന മണ്ണുകള്‍ തേടി ഈ യാത്ര തുടരാന്‍ എന്നെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം. ഹൈന്ദവ സംസ്കാരത്തിന്റെ വേരുകള്‍ അന്വേഷിച്ചുള്ളയാത്രയില്‍ ഞാന്‍ എന്റെ യാത്ര തുടങ്ങേണ്ടത് ക്ഷേത്രങ്ങളില്‍ നിന്നു തന്നെ ആണെന്ന വിശ്വാസമാകാം തമിഴ്നാട്ടിലെ കാഞ്ചീപുരം എന്ന നഗരത്തിലേക്കും അവിടുത്തെ ചരിത്രമുറങ്ങുന്ന ഹൈന്ദവ ദേവാലയങ്ങളിലേക്കും എന്നെ എത്തിച്ചത്.ഒരു കാലത്ത് ഭാരതത്തിലെ തന്നെ സുപ്രധാന നഗരമായി വളര്‍ന്നുകൊണ്ടിരുന്ന കാഞ്ചീപുരത്തിനെ കുറിച്ച് മഹാകവി കാളിദാസന്‍പറഞ്ഞ വാക്കുകള്‍ ( നഗരേഷു കാഞ്ചി ) , ആ മഹാ നഗരത്തിന് നൂറ്റാണ്ടുകള്‍ക്ക് മുന്‍പുണ്ടായിരുന്ന പ്രൌടിയും സമ്പത്സമൃദ്ധിയുമാണ് വെളിവാക്കുന്നത്.കാഞ്ചിയുടെ ചരിത്രം തുടങ്ങുന്നത് ക്രിസ്തുവര്‍ഷാരംഭത്തിനും നൂറ്റാണ്ടുകള്‍ക്ക് മുന്‍പാണെന്ന് ബി.സി രണ്ടാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട തമിഴ് സാഹിത്യ കൃതിയായ മണിമേഖല സാകഷ്യപ്പെടുത്തുന്നു. സംസ്കൃതികള്‍ പലത് മാറിവന്നു എങ്കിലും ഒരു ക്ഷേത്ര നഗരമായി കാഞ്ചി മാറുന്നതിന് പിന്നീട് വന്ന ഒരു സംസ്കാരവും തടസ്സമായില്ല എന്നുള്ളതിനുള്ള തെളിവാണ് ആയിരം ക്ഷേത്രങ്ങളുള്ള ഒരു നഗരമായി കാഞ്ചീപുരം വളര്‍ന്നത്(കാഞ്ചീപുരത്തിനെ ഇന്ന് സിറ്റി ഓഫ് തൌസണ്ട് റ്റെമ്പിള്‍സ് എന്ന് അറിയപ്പെടുന്നു). നാലാം നൂറ്റാണ്ടുമുതല്‍ ഒന്‍പതാം നൂറ്റാണ്ട് വരെ കാഞ്ചീപുരം പല്ലവസാമ്രാജ്യത്തിന്റെ തലസ്ഥാനമായി നിലകൊണ്ടു.ഈ കാലയളവിലാണ് ഇത്രയധികം ക്ഷേത്രങ്ങള്‍ ഇവിടെ നിര്‍മ്മിക്കപ്പെട്ടതെന്ന് ചരിത്രം സാകഷ്യപ്പെടുത്തുന്നു. അശ്വത്ഥാമാവിന് ദേവനര്‍ത്തകി മേനകയില്‍ ഉണ്ടായ പുത്രനായ പല്ലവനില്‍ നിന്നാണ് പല്ലവ സാമ്രാജ്യത്തിന്റെ തുടക്കം എന്ന് കരുതപ്പെടുന്നു.ചോളസാമ്രാജ്യത്തിന്റെ പതനത്തോടെ ശക്തരായ പല്ലവര്‍ ഒന്‍പതാം നൂറ്റാണ്ട് വരെ കാഞ്ചീപുരതിന്റെ അദിപന്മാരായിരുന്നു. കാഞ്ചീപുരത്തിനെ കുറിച്ചുള്ള ഏറ്റവും പഴയതെന്നു കരുതപ്പെടുന്ന ലിഖിതങ്ങള്‍ സംസ്കൃത കൃതിയായ പത്ഞ്ജലിയില്‍ ആണുള്ളത്.മഹാഭാരതത്തിലെ ദ്രാവിഡ രാജ്യം കാഞ്ചീപുരവും അതിനു ചുറ്റുമുള്ള സ്ഥലങ്ങളുമാണെന്ന് ഈ ലിഖിതങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.ചന്ദ്രഗുപ്തമൌര്യന്റെ മന്ത്രിയായിരുന്ന ചാണക്യന്റെ ദേശമാണ് ദ്രാവിഡരാജ്യം. തമിഴന്‍ എന്നര്‍ത്ഥം വരുന്ന ‘ദ്രാമില’ എന്ന ഒരു നാമം കൂടി ചാണക്യനുണ്ടായിരുന്നു എന്നത് ചരിത്ര ഗവേഷകരുടെ ഈ കണ്ടെത്തെലിനെ ഒന്നുകൂടി ബലപ്പെടുത്തുന്നു.

അദ്വൈത സിദ്ധാന്തത്തിന്റെ പ്രചാരകനായിരുന്ന ശ്രീ ആദി ശങ്കരാചര്യര്‍ക്ക് കാഞ്ചീപുരവുമായുള്ള ബന്ധം, ഈ പുണ്യ സ്ഥലത്തിന് ഹിന്ദുമതവുമായും ഹൈന്ദവ സംസകാരവുമായിട്ടുള്ള അഭേദ്യമായ ബന്ധത്തിന്റെ മകുടോദാഹരണങ്ങളാണ്. ഹിന്ദുമതത്തിന്റെ വളര്‍ച്ചയുടെ ഓരോ പടവുകളിലും അതിനെ മുന്നോട്ടുനയിക്കുന്നതില്‍ സംസ്കൃതഭാഷ വഹിച്ച പങ്ക് ഒഴിച്ചു കൂടാനാകാത്ത ഘടകങ്ങളില്‍ ഒന്നായിരുന്നു. പുരാണങ്ങളിലും വേദങ്ങളിലും ഉപനിഷത്തുകളിലും ഉപയോഗിച്ചിരുന്ന സംസ്കൃത പദങ്ങള്‍ അല്ലങ്കില്‍ പ്രയോഗങ്ങള്‍ പ്രയോക്താക്കളിലേക്ക് സംവദിപ്പിച്ചത് മഹത്തായ സന്ദേശങ്ങളായിരുന്നു.ഉദാഹരണമായി ‘തത്വമസി’ എന്ന മഹാവാക്യം തന്നെ എടുക്കാം. തത് എന്നാല്‍ രൂപങ്ങള്‍ക്കും നിറങ്ങള്‍ക്കും അതീതമായതെന്തോ അത് .ആ അതീത ശക്തിയാണ് പരമാത്മാവ് അല്ലെങ്കില്‍ നിര്‍ഗുണ ബ്രഹ്മം. ‘ത്വം’ എന്നതുകൊണ്ടര്‍തഥമാക്കുന്നത് ജീവാത്മാവിനെആണ് . ജീവത്മാവും പരമാത്മാവും രണ്ടും രണ്ടല്ല രണ്ടും ഒന്നുതന്നെയാണ് അല്ലെങ്കില്‍ നീ തന്നെയാണ് പരമാത്മാവ് എന്ന മഹാ സത്യമാണ് തത്വമസ്സി നമ്മെ മനസ്സിലാക്കി തരുന്നത്.അദ്വൈതം പറയുന്നു ‘ബ്ബ്രഹ്മ സത്യം, ജഗത് മിഥ്യ’ .ഇത് അര്‍തഥമാക്കുന്നത് ബ്രഹ്മം മാത്രമാണ് സത്യ മായുള്ളത് ഈ കാണുന്ന ലോകവും അതില്‍ കാണുന്നതെല്ലാം വെറും മിഥ്യ ( illusion) മാത്രമാണെന്നുമുള്ള പരമമായ സത്യമാണ്. ലൌകിക സുഖങ്ങളാകുന്ന മായയില്‍ അകപ്പെട്ട് അന്ധനായവന്‍ അറിയുന്നില്ല ജീവാത്മാവും പരമാത്മാവും രണ്ടല്ല എന്ന പരമമായ അദ്വൈതസത്യം. പിന്നീട് സ്വന്തം ശരീരവും മുന്നില്‍ കാണുന്ന ഈ ലോകവുമാണ് സത്യം എന്ന് അവന്‍ വിശ്വസിക്കാന്‍ തുടങ്ങുന്നു.ഈ വിശ്വാസം അവനില്‍ ഞാന്‍ എന്ന ഭാവവും അഹന്തയും ആഗ്രഹങ്ങളും ജനിക്കാന്‍ മൂലകാരണം ആകുന്നു.തന്മൂലം മോക്ഷത്തിലേക്കുള്ള അവന്റെ ദൂരം വര്‍ദ്ദിക്കുകയും ജനന മരണ ചക്രത്തില്‍ അകപ്പെടുകയും ചെയ്യുന്നു.എന്നാല്‍ ഗുരുവിനാല്‍ നയിക്കപ്പെടുന്ന ഒരുവന്‍ മനസ്സിലക്കുന്നു “ അഹം ബ്രഹ്മാസ്മി “ എന്ന വാക്യത്തിന്റെ അര്‍ത്ഥവ്യാപ്തി. ഞാന്‍ പരമാത്മാവുതന്നെയാകുന്നു എന്ന തിരിച്ചറിവ് ഒരുവനെ മഹാ ജ്ഞാനിയാക്കി തീര്‍ക്കുന്നു.അങ്ങനെ മഹാജ്ഞാനിയായ ഒരാള്‍ മായയുടെ വലയത്തില്‍നിന്ന് പുറത്തുവരികയും ലോകവും ഈ കാണുന്ന ശരീരവും എല്ലാം നശ്വരമാണെന്ന് മനസ്സിലാക്കാന്‍ തുടങ്ങുകയും ചെയ്യുന്നു.ഇങ്ങനെയുള്ള ഒരു വ്യക്തി മനസ്സിനെയും ശരീരത്തിനെയും നിയന്ത്രിക്കാന്‍ കഴിവു സിദ്ധിച്ചവനും,കോപത്തിനെ അടക്കിയവനും ,മറ്റുള്ള എല്ലാത്തിലും സ്വന്തം അംശത്തിനെ ദര്‍ശിക്കുന്നവനും ,ചെയ്യുന്ന പ്രവര്‍ത്തികള്‍ക്ക് പ്രതിഫലം കാംഷിക്കാത്തവനും ,കര്‍മ്മബ്ന്ധങ്ങളില്‍ നിന്ന് മോചനം നേടിയവനും മോക്ഷത്തിലേക്ക് അടുത്തവനും ആയിരിക്കും എന്ന് ജ്ഞാനികള്‍ സാകഷ്യപ്പെടുത്തുന്നു.

കാഞ്ചിയിലെ ചില പുണ്യസ്ഥലങ്ങള്‍ .

കാഞ്ചി കാമകോടിപീടം
ശങ്കരാചാര്യര്‍ സ്ഥാപിച്ചു എന്നു കരുതപ്പെടുന്ന കാഞ്ചി കാമകോടിപീടം കാഞ്ചീപുരത്തിന്റെ പ്രത്യേകതയാണ്.ഇതിന്റെ പിന്നിലെ ചരിത്രം ഇങ്ങനെ -കേദാരനാദ് ക്ഷേത്ര ദര്‍ശനത്തിനു ശേഷം കൈലാസത്തിലേക്കുള്ള യാത്രാമദ്ധ്യേ പരമശിവന്‍ ദര്‍ശനം നല്‍കുകയും നാലു സ്ഫടിക ശിവലിംഗങ്ങള്‍ ശങ്കരാചാര്യര്‍ക്ക് നല്‍കുകയും ചെയ്തു. അതില്‍ യോഗലിംഗം സ്താപിക്കപ്പെട്ടത് കാഞ്ചി കാമകോടി പീടത്തിലാണ്.

ശ്രീ..കാമാക്ഷി ദേവി ക്ഷേത്രം-
ബ്രഹ്മാവില്‍നിന്ന് നിരവധി വരങ്ങള്‍ നേടിയ ബന്ദകാസുരന്‍ ദേവന്മാരെ ആക്രമിച്ചപ്പോള്‍ പരാശക്തി ബന്ദകാസുരനെ വധിച്ച് ദേവന്മാരെ രക്ഷിച്ചു എന്നും .അന്നുമുതല്‍ ദേവന്മാരുടെ പ്രാര്‍ത്ഥനയാല്‍ കാഞ്ചിയില്‍ ദേവി കുടികൊള്ളുന്നു എന്നുമാണ് വിശ്വാസം.

ഏകാംബരനാദര്‍ ക്ഷേത്രം-
പഞ്ചഭൂതങ്ങളില്‍ ഭൂമിയെ പ്രതിനിദാനം ചെയ്യുന്ന ക്ഷേത്രമാണിത്.
1.കാഞ്ചീപുരം -- ഭൂമി
2.തിരുവാനയ്കോവില്‍--ജലം
3.തിരുവണ്ണാമല---അഗ്നി
4.ശ്രീകാളഹസ്തി-വായു
5.ചിദംബരം-ആകാശം
ക്ഷേത്ര ചരിത്രം- ഒരിക്കല്‍ പാര്‍വ്വതി കളിയായി ശിവന്റെ കണ്ണുകള്‍ പൊത്തി. ശിവന്റെ ഒരു കണ്ണ് സൂര്യനും മറ്റൊന്ന് ചന്ദ്രനും ആയിരുന്നു .കണ്ണുകള്‍ പൊത്തിയപ്പോള്‍ ലോകം മുഴുവന്‍ ഇരുട്ടിലാണ്ടു. എല്ലാ ചരാചരങ്ങളും ഇതിറ്റെ കഷ്ടതകള്‍ അനുഭവിച്ചു.ഇതിനുള്ള ശിക്ഷയായി പാര്‍വ്വതി ഭൂമിയില്‍ വസിക്കണമെന്ന് കല്‍പ്പിക്കപ്പെട്ടു. ഭൂമിയില്‍ പാര്‍വതി ഒരു മാവിന്റെ ചുവട്ടില്‍ കാഞ്ചീപുരത്ത് ഇന്ന് ക്ഷേത്രം നില്‍ക്കുന്ന സ്ഥലത്ത് മണലുകൊണ്ട് ശിവലിഗം തീര്‍ത്ത് തപസ്സ് ചെയ്തതായാണ് പുരാണങ്ങള്‍ പറയുന്നത്.


വരദരാജപെരുമാള്‍ ക്ഷേത്രം--
ബ്രഹ്മാവ് അശ്വമേധയാഗം നടത്തി വിഷ്ണുവിനെ പ്രത്യക്ഷപ്പെടുത്തിയ സ്ഥലമായി ഇത് കരുതപ്പെടുന്നു.

ഈ യാത്രകളില്‍ ഞാന്‍ കണ്ട കാഴ്ചകള്‍ കേട്ടറിഞ്ഞ കുറേ കഥകള്‍ ഇവ ചെറിയ രീതിയില്‍ എങ്കിലും നിങ്ങളിലേക്ക് പകര്‍ന്ന് തരാന്‍ ആയെങ്കില്‍ ഈ വരികളുടെ ഉദ്ദേശം പൂര്‍ണ്ണമാകുകയാണ്. എങ്കിലും ഈ അന്വേഷണം ഇവിടെ അവസാനിക്കുന്നില്ല ..അത് തുടരുകയാണ്...

"യഥാ യഥാഹി ധര്‍മ്മസ്സ്യ; ഗ്ലാനിര്‍ഭവതി ഭാരത:
അപൂര്‍ത്തനമധര്‍മ്മസ്യ; തഥാത്മനം സ്രുജാമ്യഹം.
പരിത്രാണായ സാധൂനാം;വിനാശായച ദുഷ്ക്രുതം;
ധര്‍മമ സംസതാപനാര്‍ത്ഥായാ; സംഭവാമി യുഗേ,യുഗേ”