Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Sunday, 29 August 2010

അപൂര്‍ണ്ണമായ ഒരു കാവ്യം.

എന്തിനീ കവിത ഞാനെഴുതി-

എന്റെ ഹൃദയമാം പുസ്തകത്താളില്‍.

വരികള്‍ അപൂര്‍ണ്ണമായെഴുതിനിര്‍ത്തി-

പഴയ ഓര്‍മ്മകള്‍ തിരയുന്ന നേരം,

ആരോ അടര്‍ത്തിയാ കടലാസുതാളിനെ-

ഒരു കളിവഞ്ചിയായി ഒഴുക്കിവിട്ടു.

കണ്ണുകള്‍ നിറഞ്ഞൊഴുകുന്നു മഴയതില്‍-

കടലാസ്സു വഞ്ചിയും നനഞ്ഞുകുതിരുന്നു.

ഇവിടെ മരിക്കുകയാകാം ഒരു കാവ്യം-

അത് പിറവിയെടുക്കുന്നതിന്നു മുന്‍പെ.

എന്നോ എന്തിനോ സ്നേഹിച്ചുപോയി ഞാന്‍-

അപൂര്‍ണ്ണമായ് കുറിച്ചിട്ട ആ വരികളെ.

കാവ്യം കടലാസ്സില്‍ നിന്നടര്‍ന്നുമാറി വര്‍ണ്ണ-

രേഖയായ് പടിഞ്ഞാട്ട് ഒഴുകിനീങ്ങേ,

അറിയാതെ നിറഞ്ഞൊഴുകുന്നെന്‍ കണ്ണുകള്‍-

അത് വ്യര്‍ത്ഥമെന്നറിയാമതെങ്കിലും.

പരിഭവമില്ല പരാതിയില്ല പിന്നെ-

ആരിത് ചെയ്തെന്ന ചോദ്യമില്ല,

സര്‍വ്വേശ്വരാനീ പൊറുത്തീടുകീ തെറ്റ്-

ആരാകിലും അവനുമെന്‍ സോദരന്‍.

Friday, 30 July 2010

മഴ പെയ്യാത്ത നാട്..




മഴ പെയ്യാത്ത നാടുകള്‍ തേടി ഞാന്‍ ഒരുപാട് അലഞ്ഞു-
ദുഖങ്ങളില്ലാത്ത മുഖങ്ങള്‍ തേടി ,ഒരിക്കലും നനയാത്ത കണ്ണുകള്‍ തേടി-
കാടുകള്‍ താണ്ടി ,പുഴകള്‍ താണ്ടി ഒരു പാ‍ട് ഒരു പാട്.
ഒടുവില്‍ ഞാന്‍ കണ്ടെത്തി ആ നാട്-
അതിനെ ആരോ മരുഭൂമി എന്നു വിളിച്ചു.
അന്ന് ഞാന്‍ ഒന്നുകൂടി മനസ്സിലാക്കി- മരിച്ചവര്‍ കരയാറില്ല.






Tuesday, 25 May 2010

അവര്‍ പറഞ്ഞത്




ഞാ‍ന്‍ ഒരു കാര്‍ബണ്‍ പേപ്പറാണ്.ഞാന്‍ മറച്ചുപിടിച്ച ആ വെള്ള പ്രതലം നിറയെ നീ എഴുതിയ വാക്കുകളാണ്.ആരാണ് ആ വെള്ള പ്രതലത്തെ ഹൃദയം എന്നു വിളിച്ചത്.നീ എഴുതാതിരുന്ന വരികള്‍ അതില്‍ തിരയുന്നതിനുമുന്‍പ് നീ ഒന്നുകൂടി ഓര്‍മ്മിക്കുക.”ഞാന്‍ ഒരു കാര്‍ബണ്‍ പേപ്പറാണ്”.

ഞാന്‍ ഒരു പേനയാണ്.ആരുടെയോ കരങ്ങള്‍ നിയന്ത്രിക്കുന്ന വെറുമൊരു പേന.ഏതോ കരങ്ങളില്‍ ഞെരിഞ്ഞ് അത് നയിക്കുന്ന വഴിയിലൂടെ പോയിരുന്ന ഞാന്‍ എപ്പോഴോ ആശിച്ചിരുന്നോ സ്വന്തമായ ഒരു വ്യക്തിത്വം.സ്വയം കുറിച്ചിടാന്‍ എപ്പൊഴോ കരുതി വെച്ച വാക്കുകള്‍ ഓര്‍മ്മകളില്‍ മാറാലപിടിക്കുമ്പോള്‍ ഞാന്‍ ഓര്‍ത്തെടുക്കുന്നു എന്റെ പരിമിതികള്‍.”ഞാന്‍ ഒരു പേനയാണ്”

Monday, 29 March 2010

നീ പോകാതിരിക്കുമൊ?



ഒരു പാട്ടു മാത്രം ബാക്കിയാക്കി പറന്നകലുവാനാകുമോ പക്ഷീ.
നിന്റെ പാട്ടിലെ സ്വരവും, സ്വരങ്ങള്‍തന്‍ ലയവും കേട്ടു-
മയങ്ങുമൊരു സന്ധ്യതന്‍ മൌനം മറന്നുനീ എന്തിനീ-
യാത്ര തുടങ്ങുന്നു വീണ്ടും അലസമായ്,അവ്യക്തമായ്.
കുളിരാര്‍ന്ന സായന്തനങ്ങള്‍ വിടപറഞ്ഞകലുമ്പോള്‍-
ഈ കാടു കേട്ട നിന്‍ പാട്ടുകള്‍ , കാതോര്‍ത്ത താരാട്ടുകള്‍;
മറയുന്നു , ഒരു ചിറകടിയില്‍ അകലുന്നു എന്ന് അറിയുമ്പോള്‍-
പൊഴിയുമൊരു മഞ്ഞുകണമീ രാത്രി തന്‍ ദുഖമായ്-
ഈ ഇലത്തണ്ടില്‍ നിന്നടരാന്‍ ഒരുങ്ങി നില്‍ക്കെ-
വീശുമൊരു കാറ്റായ് വന്നൊരോര്‍മ്മകള്‍,പൂക്കളായ്-
ഈ തരുവില്‍ വിടരുമോ;
പൂര്‍ണ്ണത തേടി അലഞ്ഞൊരാ പാട്ടിലെ വരികളും,
മൌന സന്ധ്യ തന്‍ പ്രണയവും-
പൂര്‍ണ്ണമാകുമോ , നീ പോകാതിരിക്കുമൊ?

Audio (Quality of the audio is not very good .Please excuse)

Sunday, 21 March 2010

അമൃതധാര



ഒരു പുലരിയായ് വന്നുനീ എന്റെയീ നെറുകയില്‍-
തൊടുവിച്ച കളഭമാം ഹിമബിന്ധുവില്‍.
വിടരുന്നു പത്മദലങ്ങള്‍ തന്‍ മുകുളങ്ങള്‍-
നിറയുന്ന അറിവിന്‍ പരാഗങ്ങളായ്.
ആത്മാവിലൂറുന്ന തീര്‍തഥമായ് വാക്കായ്-
നീ തന്ന മന്ത്രാക്ഷരങ്ങള്‍ മാറുമ്പോള്‍-
തീരത്തു നില്ക്കുമൊരു കുഞ്ഞിന്റെ കൌതുകം-
ഒരു തിരയായിമാറുന്നു എന്റെയീ ഹൃദയത്തില്‍.
വിരലുകളില്‍ നാദം പകര്‍ന്നു നീ ചതുരശ്ര-
താളം പകര്‍ത്തിയെന്‍ ഹൃദയ മൃദംഗത്തില്‍.
സ്വരമായി ലയമായി സങ്കീര്‍ത്തനമായി-
നാവിലൊരു ഗായത്രിയായ് വന്നു ഞാനറിയാതെന്നോ.
എന്നും ഞാന്‍ കാണുന്നു ജഞാനസ്വരൂപിണി-
അംബികേ അമ്മേ സരസ്വതീ നിന്‍ രൂപം.
ആത്മാവിലൂറുന്ന ഋകും സാമവും-
എന്നില്‍ നിറച്ചൊരാ ദിവ്യ പ്രകാശമേ.
സ്വീകരിക്കൂ ഈ ജന്മമാം അര്‍ച്ചന-
അര്‍പ്പിച്ചിടുന്നു നിന്‍ പാദങ്ങളില്‍ നിത്യം..

Thursday, 18 March 2010

മൂന്ന് സംശയങ്ങള്‍




ഞാന്‍ വാക്കുകള്‍ അടുക്കി വാചകങ്ങള്‍ ഉണ്ടാക്കുകയായിരുന്നു.
അപ്പോള്‍ രണ്ടു വാക്കുകള്‍ , പ്രണയവും പ്രളയവും.
പ്രണയത്തിനു മുന്‍പാണോ പ്രളയം വരേണ്ടത് ?
അതോ പ്രണയത്തിനു ശേഷമോ പ്രളയം?


തിരക്കുകള്ക്കിടയില്‍ എന്നെ ഭൂതകാലത്തിലേക്ക് കൊണ്ടുപോയത്-
ഒരു ബാക്ക് സ്പെയ്സോ അതോ അലസമായ ഒരു നിദ്രയോ?

വഴിവക്കിലിരുന്ന ഭ്രാന്തിയുടെ പിറുപിറുപ്പില്‍ ഞാന്‍ കേട്ടത്-
കപടലോകത്തോടുള്ള അമര്‍ഷമോ അതൊ ഇത് എന്റെ വിധി എന്ന നെടുവീര്‍പ്പോ?

Friday, 12 February 2010

സ്നേഹപൂര്‍വ്വം വാലന്റൈന്‍


ഇത് മൂന്നാം നൂറ്റാണ്ട് ‘റോം’ .ഇവിടം ഭരിക്കുന്നത് ക്ലൌടിയാസ് ചക്രവര്‍ത്തിയാണ് .ഞാനോ ഒരു പാവം പുരോഹിതന്‍ .സ്നേഹിക്കുന്നവരെ ഒന്നിപ്പിക്കലാണ് അല്ലെങ്കില്‍ ആ വിവാഹത്തിന്റെ കാര്‍മ്മികത്വം വഹിക്കലായിരുന്നു എന്റെ ജോലി.സൈന്യത്തില്‍ ചേരുന്നതിനു യുവാക്കള്‍ വിമുഖത കാട്ടിയപ്പോള്‍ ക്ലൌടിയാസ് കണ്ട ഉപായം വിവാഹങ്ങള്‍ രാജ്യത്ത് നിരോധിക്കുക എന്നതായിരുന്നു .ആ ക്രൂരമായ നടപിടിയോട് യോജിക്കുവാന്‍ എനിക്കായില്ല.രാജകല്പനയെ അവഗണിച്ച് ഞാന്‍ വീണ്ടും സ്നേഹിക്കുന്നവരെ ഒന്നിപ്പിച്ചു.അതിനുള്ള ശിക്ഷയാണ് ഞാന്‍ ഇന്ന് ഏറ്റുവാങ്ങേണ്ട ഈ മരണം .ഈ കല്‍തുറങ്കിനുചുറ്റും പുഷ്പങ്ങളാണ് .സ്നേഹിച്ചവരും സ്നേഹിക്കപ്പെട്ടവരും എനിക്കു നല്‍കിയ സമ്മാനം . പിന്നെ ഈ കല്‍തുറങ്കിനു മുന്‍പില്‍ എപ്പോഴും കാത്തിരിക്കുന്ന എന്നോട് കഥകള്‍ പറയുന്ന എന്നെ ആശ്വസിപ്പിക്കുന്ന ഒരു പെണ്‍കുട്ടിയുണ്ട് .അത് ഈ ജയില്‍ വാര്‍ഡന്റെ മകളാണെന്നകാര്യം കേള്‍ക്കുമ്പോള്‍ ഒരുപക്ഷെ നിങ്ങള്‍ അത്ഭുതപെട്ടേക്കാം.ഇനി കുറച്ചു നിമിഷങ്ങള്‍ മാത്രം ബാക്കി.എങ്കിലും അവള്‍ കാത്തിരിക്കുകയാണോ?


ഇനിയുമെന്‍ സ്വപ്നത്തിന്‍ തിരികള്‍ തെളിക്കുവാന്‍ -
എന്തിന്നു നീ വന്നു കൂട്ടുകാരീ.
നിമിഷങ്ങള്‍ മാത്രം ബാക്കിയാകുന്നൊരാ-
ഹൃദയത്തിന്‍ സ്പന്ദനം തേടി-
എന്തിന്നു എന്തിന്നു കാത്തിരിക്കുന്നു നീ-
ഇമയനക്കാതെ എനിക്കായ്.
ഇന്നെന്റെ മൌനം നിത്യമായ് തീരും,
ഇന്നുഞാന്‍ എന്റെയീ രൂപം വെടിയും.
കാത്തിരിപ്പിന്റെ ഒടുവില്‍ നിന്‍ സ്വപ്നങ്ങള്‍ -
വെറും ചീട്ടുകള്‍ മാത്രമായിടും സ്നേഹിതേ.
ഇന്നു ഞാന്‍ ഉള്ളതീ തടവിലാണെങ്കിലും-
നീ വന്നു വിതറിയാ പൂക്കളാം മെത്തയില്‍-
കാത്തുകിടക്കുന്നു മരണത്തിന്‍ കാലൊച്ച-
ഓര്‍ത്തുകൊണ്ടുനിന്‍ പ്രണയത്തിന്‍ ആഴത്തെ.
കാല്‍പ്പെരുമാറ്റം കേള്‍ക്കുന്നു എവിടെയോ-
അരുത് കരയരുതെന്നെക്കുറിച്ചോര്‍ത്ത്.
സ്വീകരിക്കുകീ ഓര്‍മ്മക്കുറിപ്പിന്ന്-
സ്നേഹപൂര്‍വ്വം, നിന്‍ പ്രിയ വാലന്റയിന്‍.


[ ആഘോഷങ്ങള്‍ അനുകരിക്കാം ,പക്ഷേ നമ്മുടെ നാടിന്റെ സംസ്കാരത്തിനും ആചാരങ്ങള്‍ക്കും ക്ഷതമേല്‍പ്പിക്കുന്ന ഏതൊരു പ്രവര്‍ത്തിയും ഏതൊരു ആഘോഷവും ദയവായി ഒഴിവാക്കുവാന്‍ അപേക്ഷിക്കുന്നു.]

Sunday, 17 January 2010

മീര



എന്റെ ആത്മാവാണു,എന്റെ കരളാണുനീ-

വൃന്ദാവനത്തിലെ കൃഷ്ണാ ...

എവിടെ നീ എവിടെ നീ എന്നുതിരയുന്നു-

പാടുന്നു പാവമീ മീര.

ചൌകരിയിലൊരുവിഷ്ണു ഭക്ത കുടുംബത്തില്‍-

എന്നോ പിറന്നവള്‍ മീര.

അവള്‍ വളര്‍ന്നവള്‍വളര്‍ന്നൊരു കൃഷ്ണ ഭക്തയായ് -

മേര്‍ത്തായിലൊരു ദേവകന്യയായ്.

ഒരുനാള്‍ വിവാഹ സദസ്സുകണ്ടീ കൊച്ചു-

മീരചോദിച്ചു മാതാവേ.

പറയുമോ ആരാണ് എന്നെ വരിക്കുന്ന-

വരനെന്‍ വിവാഹനാളന്ന്.

അവര്‍പറഞ്ഞെന്തിനോ ഒരു നെടുവീര്‍പ്പോടെ-

അതുനിന്റെ പ്രാണനാം കണ്ണന്‍.

അതു പറഞ്ഞധികമായില്ലവര്‍ മാഞ്ഞുപോയ്-

ഒരു മരണശയ്യയില്‍ എന്നോ.

കാത്തിരുന്നു അവള്‍ ദിനരാത്രമെത്രയോ-

മുരളിതന്‍ സംഗീതമോര്‍ത്ത്.

അവന്‍ വരും നന്ദനന്‍ എന്നെ വരിക്കുവാന്‍-

എന്നമ്മ പറയുന്നു കാതില്‍.

പൂക്കള്‍ തലകുനിച്ചവളുടെ സുന്ദര-

കാന്തിയില്‍ മേര്‍ത്താ തിളഞ്ഞി.

മധുരമായീണത്തിലവള്‍പാടി പാട്ടുകള്‍-

കുയിലുകള്‍ കാതോര്‍ത്തിരുന്നു.

ഒടുവിലെത്തീ അവള്‍തന്‍ വരനായി വന്നത്-

മേര്‍ത്താ തന്‍ രാജകുമാരന്‍.

ഒടുവിലവളൊന്നും പറഞ്ഞില്ല അച്ചന്റെ-

കണ്ണിലെ കണ്ണുനീര്‍ കണ്ട്.

മനസ്സാവരിച്ചൊരാ കൃഷ്ണന്റെ വധുവന്ന്-

മേര്‍ത്തയിലെ റാണിയായ് മാറി.

എങ്കിലും അവള്‍പോയി എന്നുമാകണ്ണ്ന്റെ -

തിരുനടയില്‍ പാടുവാന്‍ ആടാന്‍.

എന്നോ കൊടുത്തുപോയ് ഹൃദയമെന്‍ കണ്ണന്ന്-

ഈ ജഡമിന്ന് റാണിയായ് മാറി.

ആ കല്‍ പ്രതിമയില്‍ അവള്‍കണ്ടു കണ്ണന്റെ-

ചുണ്ടിലെ ചിരിയും ചുവപ്പും.

കളിപറഞ്ഞവളാ പ്രതിമതന്‍ മുന്നിലൊരു-

കണ്ണന്റെ രാഥയായ് മാറി.

മേര്‍ത്തയിലുള്ളൊരാ ബന്ധുക്കളത്രയും-

മീരതന്‍ ശത്രുക്കളായി.

അവര്‍പറഞ്ഞീ ക്ഷേത്ര നടയതില്‍ ഒളിപ്പതു-

മീരയുടെ കാമുകരില്‍ ഒരുവന്‍.

റാണയും വന്നെത്തി വാതില്‍ തുറന്നയാള്‍ -

ശ്രീകോവില്‍ നടയതില്‍ കയറി.

കണ്ടയാള്‍ ആ കൃഷ്ണവിഗ്രഹത്തോടായി-

കഥകള്‍ പറയുന്ന മീരെ.

മേര്‍ത്തയിലുള്ളൊരാ ബന്ധുക്കളത്രയും-

മീരതന്‍ ശത്രുക്കളായി.

അവര്‍നല്‍കി മീരക്ക് ഒരുകൂട നാഗങ്ങള്‍-

ഇതുപൂക്കളെന്നായി ഓതി.

അവള്‍തുറന്നാക്കൂട പ്രാര്‍ത്ഥനാപൂര്‍വ്വമതില്‍-

ഒരു കൃഷ്ണവിഗ്രഹം മാത്രം.

ഒരുനാളില്‍ അവള്‍പാടും ഭജനകള്‍ എപ്പൊഴോ-

അക്ബറും താന്‍സെനും കേട്ടു.

കാതോര്‍ത്തുനിന്നവര്‍ മീരതന്‍ പാട്ടു-

കേട്ടറിയാതെ ക്ഷേത്രത്തിലെത്തി.

അവര്‍വന്നുമീരതന്‍ കാല്‍ക്കല്‍ പ്രണമിച്ചു-

കണ്ണനായ് ഒരു രത്നമാല കൊടുത്തു.

ഇതുകേട്ടു ക്രുദ്ധനായ് റാണകല്‍പ്പിക്കുന്നു-

നദിയില്‍ ഈ ജീവന്‍ ഒടുക്കാന്‍ .

ഇതുകേട്ടു പുഞ്ചിരിതൂകുന്ന മീരതന്‍ -

ചുണ്ടിലോ ഗിരിധരനാമം.

പോവുകയാണിതാ മീരയീ പുഴതേടി -

കൃഷ്ണന്റെ ഭജനകള്‍ പാടി.

അവളിറങ്ങിച്ചെന്നാനദിതന്‍ മാറിലേക്ക്-

ഒരു കൊച്ചു കുഞ്ഞിനേ പോലെ.

പിറകില്‍നിന്നാരോ പിടിച്ചവള്‍ മീരയെ-

അതവള്‍തന്‍ പ്രാണനാം കണ്ണന്‍ .

പുഞ്ചിരിതൂകും മുഖത്തുനിന്നപ്പൊഴും-

കണ്ണെടുക്കാതവള്‍ നിന്നു.

മൊഴിയുന്നു കണ്ണന്റെ അധരങ്ങളവളോട്-

പ്രിയമീര കാതോര്‍ത്തു നിന്നു.

വരികയെന്‍ മീരേ വൃന്ദാവനത്തിലേക്ക്-

ഇവിടെനിന്‍ ബന്ധങ്ങളറ്റു.

ഇതുപറഞ്ഞവന്മാഞ്ഞുവെങ്കിലും മീര-

ഒരു കൃഷ്ണശിലപോലെ നിന്നു.

പിന്നെ അവള്‍നടന്നൂ‍ നഗ്നപാദയായ് എത്രയോ-

ചുടുമണല്‍ കുന്നുകള്‍ താണ്ടി.

കയ്യുകള്‍ കൂപ്പിജനമനുഗമിച്ചു പിന്നെ-

നിറകണ്ണുകളോടവളെ യാത്രയാക്കി.

ഒടുവിലെത്തീമീര വൃന്ദാവനത്തിങ്കല്‍-

കണ്ണന്റെ പാട്ടുകള്‍ പാടി.

അവിടെയെത്തീ റാണ മാപ്പപേക്ഷിക്കുന്നു-

തിരികെയെത്താന്‍ റാണിയായി.

പുഞ്ചിരി തൂകുന്നു മീരതന്‍ ചുണ്ടുകള്‍ -

മന്ത്രിച്ചു റാണയോടായി.

ഈ ലോകമത്രയും കണ്ണന്റെ രാജ്യമതില്‍ -

കണ്ണന്റെ റാണിയീ മീര.

ഒടുവിലവള്‍ സമ്മതിച്ചൂ തിരികയെത്തുവാന്‍ -

അവിടെ ക്ഷേത്രത്തില്‍ വസിക്കാന്‍ .

പിന്നെഒരുനാള്‍കൂടിയാത്രയായീമീര-

വൃന്ദാവനത്തിലേക്കായി.

അവിടെവന്നവള്‍പോയി കണ്ണനെ കാണുവാന്‍ -

ദ്വാരകാ പുരി തേടി വീണ്ടും .

ഒടുവിലാ ശ്രീകൃഷ്ണ ജന്മാഷ്ടമിക്കന്ന് -

പാടുന്നു മീരയീ നടയില്‍.

നൃത്തം തുടങ്ങിയവള്‍ കണ്ണന്റെ തിരുമുന്‍പില്‍-

ശ്രീകൃഷ്ണ സ്തുതികള്‍ പാടി.

അവളുടെ കാലുകള്‍ ഉയരുന്നോ മണ്ണില്‍നിന്ന്-

ഒഴുകുന്നോ വായുവിലൂടെ.

അവള്‍ വീണു കണ്ണന്റെ പാദങ്ങളില്‍-

ഉടനാതിരുനടയടഞ്ഞു.

ആരോ തുറന്നു നോക്കുന്നുവാശ്രീകോവില്‍-

അതില്‍ കണ്ണന്റെ വിഗ്രഹം മാത്രം.

കണ്ണനിലലിഞ്ഞൊരാ മീരതന്‍ ചേലയത്-

തിരുനടയിലുണ്ടായിരുന്നു .

ഇന്നും മുഴങ്ങുന്നു മീരതന്‍ സംഗീതം-

വൃന്ദാവനങ്ങളില്‍ വീണ്ടും.

എന്റെ ആത്മാവാണു, എന്റെ കരളാണുനീ-

വൃന്ദാവനത്തിലെ കൃഷ്ണാ..

രചന:ഗോപീകൃഷ്ണന്‍ .വി.ജി

(എല്ലാ കൃഷ്ണഭക്തര്‍ക്കുമായി സമര്‍പ്പിക്കുന്നു.പകര്‍പ്പവകാശനിയമങ്ങള്‍ക്ക് വിധേയം)

Rana- Prince Bhoj Raj Rana , eldest son of Rana Sanga of Chittor

Merta-Merta is a city situated in the Nagaur district of Rajasthan

Copyright © 2010 GOPEEKRISHNAN V G.All Rights Reserved.