എന്റെ ആത്മാവാണു,എന്റെ കരളാണുനീ-
വൃന്ദാവനത്തിലെ കൃഷ്ണാ ...
എവിടെ നീ എവിടെ നീ എന്നുതിരയുന്നു-
പാടുന്നു പാവമീ മീര.
ചൌകരിയിലൊരുവിഷ്ണു ഭക്ത കുടുംബത്തില്‍-
എന്നോ പിറന്നവള്‍ മീര.
അവള്‍ വളര്‍ന്നവള്‍വളര്‍ന്നൊരു കൃഷ്ണ ഭക്തയായ് -
മേര്‍ത്തായിലൊരു ദേവകന്യയായ്.
ഒരുനാള്‍ വിവാഹ സദസ്സുകണ്ടീ കൊച്ചു-
മീരചോദിച്ചു മാതാവേ.
പറയുമോ ആരാണ് എന്നെ വരിക്കുന്ന-
വരനെന്‍ വിവാഹനാളന്ന്.
അവര്‍പറഞ്ഞെന്തിനോ ഒരു നെടുവീര്‍പ്പോടെ-
അതുനിന്റെ പ്രാണനാം കണ്ണന്‍.
അതു പറഞ്ഞധികമായില്ലവര്‍ മാഞ്ഞുപോയ്-
ഒരു മരണശയ്യയില്‍ എന്നോ.
കാത്തിരുന്നു അവള്‍ ദിനരാത്രമെത്രയോ-
മുരളിതന്‍ സംഗീതമോര്‍ത്ത്.
അവന്‍ വരും നന്ദനന്‍ എന്നെ വരിക്കുവാന്‍-
എന്നമ്മ പറയുന്നു കാതില്‍.
പൂക്കള്‍ തലകുനിച്ചവളുടെ സുന്ദര-
കാന്തിയില്‍ മേര്‍ത്താ തിളഞ്ഞി.
മധുരമായീണത്തിലവള്‍പാടി പാട്ടുകള്‍-
കുയിലുകള്‍ കാതോര്‍ത്തിരുന്നു.
ഒടുവിലെത്തീ അവള്‍തന്‍ വരനായി വന്നത്-
മേര്‍ത്താ തന്‍ രാജകുമാരന്‍.
ഒടുവിലവളൊന്നും പറഞ്ഞില്ല അച്ചന്റെ-
കണ്ണിലെ കണ്ണുനീര്‍ കണ്ട്.
മനസ്സാവരിച്ചൊരാ കൃഷ്ണന്റെ വധുവന്ന്-
മേര്‍ത്തയിലെ റാണിയായ് മാറി.
എങ്കിലും അവള്‍പോയി എന്നുമാകണ്ണ്ന്റെ -
തിരുനടയില്‍ പാടുവാന്‍ ആടാന്‍.
എന്നോ കൊടുത്തുപോയ് ഹൃദയമെന്‍ കണ്ണന്ന്-
ഈ ജഡമിന്ന് റാണിയായ് മാറി.
ആ കല്‍ പ്രതിമയില്‍ അവള്‍കണ്ടു കണ്ണന്റെ-
ചുണ്ടിലെ ചിരിയും ചുവപ്പും.
കളിപറഞ്ഞവളാ പ്രതിമതന്‍ മുന്നിലൊരു-
കണ്ണന്റെ രാഥയായ് മാറി.
മേര്‍ത്തയിലുള്ളൊരാ ബന്ധുക്കളത്രയും-
മീരതന്‍ ശത്രുക്കളായി.
അവര്‍പറഞ്ഞീ ക്ഷേത്ര നടയതില്‍ ഒളിപ്പതു-
മീരയുടെ കാമുകരില്‍ ഒരുവന്‍.
റാണയും വന്നെത്തി വാതില്‍ തുറന്നയാള്‍ -
ശ്രീകോവില്‍ നടയതില്‍ കയറി.
കണ്ടയാള്‍ ആ കൃഷ്ണവിഗ്രഹത്തോടായി-
കഥകള്‍ പറയുന്ന മീരെ.
മേര്‍ത്തയിലുള്ളൊരാ ബന്ധുക്കളത്രയും-
മീരതന്‍ ശത്രുക്കളായി.
അവര്‍നല്‍കി മീരക്ക് ഒരുകൂട നാഗങ്ങള്‍-
ഇതുപൂക്കളെന്നായി ഓതി.
അവള്‍തുറന്നാക്കൂട പ്രാര്‍ത്ഥനാപൂര്‍വ്വമതില്‍-
ഒരു കൃഷ്ണവിഗ്രഹം മാത്രം.
ഒരുനാളില്‍ അവള്‍പാടും ഭജനകള്‍ എപ്പൊഴോ-
അക്ബറും താന്‍സെനും കേട്ടു.
കാതോര്‍ത്തുനിന്നവര്‍ മീരതന്‍ പാട്ടു-
കേട്ടറിയാതെ ക്ഷേത്രത്തിലെത്തി.
അവര്‍വന്നുമീരതന്‍ കാല്‍ക്കല്‍ പ്രണമിച്ചു-
കണ്ണനായ് ഒരു രത്നമാല കൊടുത്തു.
ഇതുകേട്ടു ക്രുദ്ധനായ് റാണകല്‍പ്പിക്കുന്നു-
നദിയില്‍ ഈ ജീവന്‍ ഒടുക്കാന്‍ .
ഇതുകേട്ടു പുഞ്ചിരിതൂകുന്ന മീരതന്‍ -
ചുണ്ടിലോ ഗിരിധരനാമം.
പോവുകയാണിതാ മീരയീ പുഴതേടി -
കൃഷ്ണന്റെ ഭജനകള്‍ പാടി.
അവളിറങ്ങിച്ചെന്നാനദിതന്‍ മാറിലേക്ക്-
ഒരു കൊച്ചു കുഞ്ഞിനേ പോലെ.
പിറകില്‍നിന്നാരോ പിടിച്ചവള്‍ മീരയെ-
അതവള്‍തന്‍ പ്രാണനാം കണ്ണന്‍ .
പുഞ്ചിരിതൂകും മുഖത്തുനിന്നപ്പൊഴും-
കണ്ണെടുക്കാതവള്‍ നിന്നു.
മൊഴിയുന്നു കണ്ണന്റെ അധരങ്ങളവളോട്-
പ്രിയമീര കാതോര്‍ത്തു നിന്നു.
വരികയെന്‍ മീരേ വൃന്ദാവനത്തിലേക്ക്-
ഇവിടെനിന്‍ ബന്ധങ്ങളറ്റു.
ഇതുപറഞ്ഞവന്മാഞ്ഞുവെങ്കിലും മീര-
ഒരു കൃഷ്ണശിലപോലെ നിന്നു.
പിന്നെ അവള്‍നടന്നൂ നഗ്നപാദയായ് എത്രയോ-
ചുടുമണല്‍ കുന്നുകള്‍ താണ്ടി.
കയ്യുകള്‍ കൂപ്പിജനമനുഗമിച്ചു പിന്നെ-
നിറകണ്ണുകളോടവളെ യാത്രയാക്കി.
ഒടുവിലെത്തീമീര വൃന്ദാവനത്തിങ്കല്‍-
കണ്ണന്റെ പാട്ടുകള്‍ പാടി.
അവിടെയെത്തീ റാണ മാപ്പപേക്ഷിക്കുന്നു-
തിരികെയെത്താന്‍ റാണിയായി.
പുഞ്ചിരി തൂകുന്നു മീരതന്‍ ചുണ്ടുകള്‍ -
മന്ത്രിച്ചു റാണയോടായി.
ഈ ലോകമത്രയും കണ്ണന്റെ രാജ്യമതില്‍ -
കണ്ണന്റെ റാണിയീ മീര.
ഒടുവിലവള്‍ സമ്മതിച്ചൂ തിരികയെത്തുവാന്‍ -
അവിടെ ക്ഷേത്രത്തില്‍ വസിക്കാന്‍ .
പിന്നെഒരുനാള്‍കൂടിയാത്രയായീമീര-
വൃന്ദാവനത്തിലേക്കായി.
അവിടെവന്നവള്‍പോയി കണ്ണനെ കാണുവാന്‍ -
ദ്വാരകാ പുരി തേടി വീണ്ടും .
ഒടുവിലാ ശ്രീകൃഷ്ണ ജന്മാഷ്ടമിക്കന്ന് -
പാടുന്നു മീരയീ നടയില്‍.
നൃത്തം തുടങ്ങിയവള്‍ കണ്ണന്റെ തിരുമുന്‍പില്‍-
ശ്രീകൃഷ്ണ സ്തുതികള്‍ പാടി.
അവളുടെ കാലുകള്‍ ഉയരുന്നോ മണ്ണില്‍നിന്ന്-
ഒഴുകുന്നോ വായുവിലൂടെ.
അവള്‍ വീണു കണ്ണന്റെ പാദങ്ങളില്‍-
ഉടനാതിരുനടയടഞ്ഞു.
ആരോ തുറന്നു നോക്കുന്നുവാശ്രീകോവില്‍-
അതില്‍ കണ്ണന്റെ വിഗ്രഹം മാത്രം.
കണ്ണനിലലിഞ്ഞൊരാ മീരതന്‍ ചേലയത്-
തിരുനടയിലുണ്ടായിരുന്നു .
ഇന്നും മുഴങ്ങുന്നു മീരതന്‍ സംഗീതം-
വൃന്ദാവനങ്ങളില്‍ വീണ്ടും.
എന്റെ ആത്മാവാണു, എന്റെ കരളാണുനീ-
വൃന്ദാവനത്തിലെ കൃഷ്ണാ..
രചന:ഗോപീകൃഷ്ണന്‍ .വി.ജി
(എല്ലാ കൃഷ്ണഭക്തര്‍ക്കുമായി സമര്‍പ്പിക്കുന്നു.പകര്‍പ്പവകാശനിയമങ്ങള്‍ക്ക് വിധേയം)
Rana- Prince Bhoj Raj Rana , eldest son of Rana Sanga of Chittor
Merta-Merta is a city situated in the Nagaur district of Rajasthan
Copyright © 2010 GOPEEKRISHNAN V G.All Rights Reserved.